തിരുവനന്തപുരം: കോൺഗ്രസിനെ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണം ലഭിച്ചാൽ ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും ലീഗിന് നൽകാൻ ധാരണയുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.(Congress is controlled by Muslim League, Rajeev Chandrasekhar)
ഭരണം കിട്ടിയാൽ ലീഗിന് ഉപമുഖ്യമന്ത്രി പദവും ആറ് മന്ത്രിസ്ഥാനവും നൽകാൻ കോൺഗ്രസ് ഡീൽ ഉറപ്പിച്ചിട്ടുണ്ടോ? കോൺഗ്രസും ലീഗും ഇതിന് വ്യക്തമായ മറുപടി നൽകണം, രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ഒരു വർഗീയ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് വെറും നുണകൾ പ്രചരിപ്പിക്കുന്ന പാർട്ടിയായി മാറിയെന്ന് അദ്ദേഹം പരിഹസിച്ചു. സർദാർ വല്ലഭായ് പട്ടേൽ, ലാൽ ബഹാദൂർ ശാസ്ത്രി, കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരെപ്പോലെയുള്ള കരുത്തരായ നേതാക്കൾ ഉണ്ടായിരുന്ന പാർട്ടിയായിരുന്നു കോൺഗ്രസ്. രാഹുൽ ഗാന്ധി വന്നതോടെ കോൺഗ്രസ് ഒന്നിനും കൊള്ളാത്ത പാർട്ടിയായി മാറി. ഇന്ദിരാഗാന്ധി നല്ലൊരു നേതാവായിരുന്നുവെന്നും അവരുടെ പേരാണ് ഇപ്പോൾ ‘വ്യാജ ഗ്യാരന്റി’കൾക്കായി കോൺഗ്രസ് ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

