ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ മന്ത്രി ജി. സുധാകരനെതിരെ പ്രതിഷേധം കടുപ്പിച്ച് സി.പി.എം. സുധാകരന്റെ വസതിക്ക് നേരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് പോലീസ് കാവൽ ഏർപ്പെടുത്തി. പുന്നപ്ര പോലീസിനാണ് സുരക്ഷാ ചുമതല.(Banner near G Sudhakaran’s house, police security)
ജി. സുധാകരന്റെ വീടിന് സമീപം ‘ഭഗവതിക്കൽ സഖാക്കൾ’ എന്ന പേരിൽ പ്രതിഷേധ ബാനർ പ്രത്യക്ഷപ്പെട്ടു. “കുലംകുത്തികളെ കാലം വർഗ്ഗവഞ്ചകൻ എന്ന് വിളിക്കും” എന്നാണ് ബാനറിലെ വാചകം. കഴിഞ്ഞ ദിവസം അദ്ദേഹത്തെ വർഗ്ഗവഞ്ചകൻ എന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. സൈബർ ഇടങ്ങളിലും സുധാകരനെതിരെ സി.പി.എം അനുകൂലികൾ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്.
തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയെ വെല്ലുവിളിച്ച സുധാകരനോട് ഇനി മൃദുസമീപനം വേണ്ടെന്നാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. ഇന്ന് പറവൂരിൽ സി.പി.എം വൻ ശക്തിപ്രകടനം നടത്തും. സുധാകരന്റെ ജന്മനാട്ടിൽ ഇതിനോടകം പ്രതിഷേധ പ്രകടനം നടത്തിക്കഴിഞ്ഞു. ഒരു പ്രവർത്തകൻ പോലും സുധാകരനൊപ്പം പോകില്ലെന്ന് ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്.

