കൊച്ചി: കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച അട്ടപ്പാടി മധു വധക്കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ച് ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടു. എന്നാൽ, വിചാരണക്കോടതി ഏഴു വർഷം തടവിന് ശിക്ഷിച്ച 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി ഹൈക്കോടതി ഉയർത്തി.(Attappadi Madhu Murder Case High Court Acquits First Accused Enhances Life Imprisonment For Twelve Others)
ജീവപര്യന്തത്തിന് പുറമെ ഈ 12 പ്രതികളും 50,000 രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. കേസിലെ പതിനാറാം പ്രതിയുടെ ശിക്ഷ ഒരു വർഷം തടവായും കോടതി ഉയർത്തിയിട്ടുണ്ട്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികളും, പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും മധുവിന്റെ കുടുംബവും നൽകിയ അപ്പീലുകളും ഒരുമിച്ച് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
വിധിവരുന്ന പശ്ചാത്തലത്തിൽ കേസിലെ പ്രതികളെല്ലാം ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. 2023 ഏപ്രിൽ അഞ്ചിനാണ് മണ്ണാർക്കാട് വിചാരണക്കോടതി ഈ കേസിൽ വിധി പറഞ്ഞിരുന്നത്. അന്ന് ആകെ 16 പ്രതികളിൽ രണ്ട് പേരെ കോടതി വെറുതെ വിട്ടിരുന്നു. ബാക്കി 14 പ്രതികളിൽ ഒന്നാം പ്രതി ഹുസൈൻ ഉൾപ്പെടെ 13 പേർക്ക് ഏഴു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവും 500 രൂപ പിഴയുമായിരുന്നു ശിക്ഷ.
എന്നാൽ ഈ ശിക്ഷാ കാലാവധി കുറഞ്ഞുപോയെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും കാണിച്ച് മധുവിന്റെ കുടുംബം സർക്കാരിനെ സമീപിക്കുകയായിരുന്നു. കുടുംബത്തിന്റെ കടുത്ത ആവശ്യപ്രകാരമാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഇത് ശരിവെച്ചുകൊണ്ടാണ് 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഉയർത്തിയത്. അതേസമയം ഒന്നാം പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ സാധിക്കാത്തതിനാലാണ് കോടതി അയാളെ വെറുതെ വിട്ടത്.
Story Summary
The Kerala High Court modified the Attappadi Madhu murder case verdict, acquitting the first accused Hussein, while enhancing the punishment of 12 other accused to life imprisonment along with a Rs 50,000 fine. The High Court passed the order on appeals filed by the government and Madhu’s family seeking maximum punishment for the 2018 mob lynching incident.

