തിരുവനന്തപുരം: വിഴിഞ്ഞത്ത് സുമൻ എന്ന യുവാവ് ക്രൂരമായി മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ നിയമവ്യവസ്ഥയെയും ലഹരി മാഫിയയെയും രൂക്ഷമായി വിമർശിച്ച് നടി അനുശ്രീ (Anusree Actress Reaction). ആരെ തല്ലിയാലും കൊന്നാലും ഇവിടെ ഒന്നുമുണ്ടാകില്ലെന്ന ധൈര്യമാണ് ഇത്തരം തെമ്മാടിത്തരങ്ങൾക്ക് പിന്നിലെന്ന് താരം കുറിച്ചു.
“എന്തു മൈ…. ആണ് ഇവിടെ നടക്കുന്നത്?? ആർക്കും ആരെയും എന്തും ചെയ്യാം. ആരെ എന്ത് ചെയ്താലും, അത് തല്ലിയാലും കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ഇതൊക്കെ വെറും ലാഘവത്തോടെ ഇവിടെ നടക്കുന്നത്. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ?? ആർക്ക് വേണ്ടിയാണ് നിയമങ്ങൾ?? കഷ്ടം തന്നെ… കള്ളും കഞ്ചാവും അടിച്ചു കേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ.. ദൈവത്തിന്റെ സ്വന്തം നാട്.”- താരം ചോദിക്കുന്നു.
ബുധനാഴ്ച അർധരാത്രി വിഴിഞ്ഞം മുക്കോളയിലെ ബാറിന് മുന്നിലുള്ള സർവീസ് റോഡിൽ വെച്ചാണ് വെള്ളായണി സ്വദേശി സുനമൻ (38) കൊല്ലപ്പെട്ടത്. ബാറിൽ വെച്ചുണ്ടായ നിസ്സാരമായ വാക്കേറ്റത്തിൽ ഇടപെട്ടതായിരുന്നു സുമൻ. പരിക്കേറ്റ പ്രതികളിലൊരാളായ അച്ചു തന്റെ സഹോദരൻ അനന്തുവിനെ വിളിച്ചുവരുത്തി സുമനെ ക്രൂരമായി മർദിക്കുകയായിരുന്നു.സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സഹോദരങ്ങളായ അച്ചു (24), അനന്തു (19) എന്നിവരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.റോഡിൽ വീണുകിടന്ന സുമനെ ആക്രോശിച്ചുകൊണ്ട് പ്രതികൾ വീണ്ടും ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ലഹരിക്ക് അടിമപ്പെട്ട യുവാക്കൾ പൊതുമധ്യത്തിൽ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ കേരളത്തിൽ വർധിച്ചുവരുന്നത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.
വിഴിഞ്ഞം കൊലപാതകം: വാരിയെല്ലുകൾ തകർന്ന് ആന്തരികാവയവങ്ങളിൽ തറച്ചു കയറി; സുമന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
വിഴിഞ്ഞത്തെ ബാറിലുണ്ടായ സംഘർഷത്തിനിടെ മർദനമേറ്റ് മരിച്ച വണ്ടിത്തടം സ്വദേശി സുമന്റെ (38) മരണകാരണം നെഞ്ചിലേറ്റ ശക്തമായ പ്രഹരമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് (Vizhinjam Murder News). മർദനത്തിന്റെ ആഘാതത്തിൽ സുമന്റെ വാരിയെല്ലുകൾ ഒടിയുകയും അവ ആന്തരികാവയവങ്ങളിൽ തറച്ചുകയറുകയും ചെയ്തു. ഇത് ശ്വാസകോശത്തിലും നെഞ്ചിലും കടുത്ത രക്തസ്രാവമുണ്ടാക്കിയതാണ് മരണത്തിലേക്ക് നയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇതിൽ അച്ചുവും അനന്തുവും സഹോദരങ്ങളാണ്.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് വിഴിഞ്ഞം ജംഗ്ഷനിലെ ബാറിന് മുന്നിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിഷു ആഘോഷങ്ങൾക്കുശേഷം ബാറിലെത്തിയ പ്രതികൾ അവിടെയുണ്ടായിരുന്ന മറ്റൊരാളുമായി തർക്കത്തിലേർപ്പെട്ടു. ഇത് പരിഹരിക്കാൻ ഇടപെട്ടതായിരുന്നു സുമൻ. സുമനെ പ്രതികൾ ബാറിനുള്ളിലിട്ട് ക്രൂരമായി മർദിച്ചു. അവിടെനിന്ന് രക്ഷപ്പെടാൻ റോഡിലേക്ക് ഓടിയ സുമനെ പ്രതികൾ പിന്തുടർന്ന് പിടികൂടുകയും വീണ്ടും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ സുമനെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. വിഴിഞ്ഞം പോലീസ് സുമനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ബാറിലെയും സമീപത്തെയും സിസിടിവികളിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. വണ്ടിത്തടം പാലപുരയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു സുമൻ.
Story Summary: Actress Anusree lashed out at the legal system and drug abuse in Kerala following the brutal murder of a youth in Vizhinjam. She expressed her fury over the viral video of the assault, questioning the safety of citizens in ‘God’s Own Country’.

