Times Kerala

 എ.കെ.ജി സെൻറർ ആക്രമണം: നാലാം പ്രതി നവ്യക്ക് ഉപാധികളോടെ മുൻ‌കൂർ ജാമ്യം

 
 എ.കെ.ജി സെൻറർ ആക്രമണം: നാലാം പ്രതി നവ്യക്ക് ഉപാധികളോടെ മുൻ‌കൂർ ജാമ്യം
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ നാലാം പ്രതി നവ്യക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ്‌ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഈ മാസം 24 നും 30 നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, കേരളമോ ഇന്ത്യയോ വിട്ട് പോകാൻ പാടില്ല, പാസ്പോർട്ട്‌ ഏഴു ദിവസത്തിനകം കോടതിയിൽ ഹാജരാക്കണം, അറസ്റ്റ് രേഖപ്പെടുത്തിയാൽ ഒരു ലക്ഷം രൂപയോ തതുല്യമായ ജാമ്യ കരമോ ഉണ്ടെങ്കിൽ ജാമ്യം നൽകണം എന്നീ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

അക്രമണത്തിന്റെ പ്രധാന കണ്ണി നാലാംപ്രതിയാണെന്നും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും സ്ത്രീ എന്ന പരിഗണന പോലും നൽകേണ്ടന്നും മുൻ‌കൂർ ജാമ്യാപേക്ഷ എതിർത്ത് പ്രോസിക്യൂട്ടർ ഹരീഷ് കുമാർ വാദിച്ചിരുന്നു. 

പ്രതി ജിതിന് സ്‌കൂട്ടറും സ്ഫോടകവസ്‌തുവും എത്തിച്ചു നൽകിയ നാലാം പ്രതിയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂട്ടർ  വാദിച്ചു. എന്നാൽ, കേസിൽ നവ്യയുടെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും വാഹനം നൽകി എന്നത് മാത്രമാണ് കുറ്റമെന്നും പ്രതിഭാഗത്തിന്‌ വേണ്ടി ഹാജരായ അഡ്വ. മൃദുൽ ജോൺ മാത്യു വാദിച്ചു.

Related Topics

Share this story