കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ താഴെത്തട്ടിൽ നിന്നുള്ള കണക്കുകൾ വിശകലനം ചെയ്ത് സിപിഎം ജില്ലാ കമ്മിറ്റികൾ. കോഴിക്കോട് ജില്ലയിൽ ചില മണ്ഡലങ്ങളിൽ ആശങ്ക നിലനിൽക്കുമ്പോൾ, പാലക്കാട് വലിയ ആത്മവിശ്വാസമാണ് പാർട്ടി പ്രകടിപ്പിക്കുന്നത്.(Will win in 4 seats in Kozhikode, CPM with confidence in Assembly election )
കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളിൽ നാലെണ്ണത്തിൽ മാത്രമാണ് സിപിഎം നിലവിൽ വിജയം ഉറപ്പിക്കുന്നത്. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നിവയാണിവ. തിരുവമ്പാടി, കുന്നമംഗലം, കൊയിലാണ്ടി എന്നീ മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതമായ രീതിയിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നാണ് പാർട്ടി വിലയിരുത്തൽ.
വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നിവിടങ്ങളിലെ കാര്യം പ്രവചനാതീതമാണ് എന്നാണ് പാർട്ടിക്കുള്ളിലെ പ്രാഥമിക വിലയിരുത്തൽ. പേരാമ്പ്രയിലും കുറ്റ്യാടിയിലും സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സ്വാധീനം വോട്ടായി മാറിയാൽ ജയിച്ചു കയറാമെന്നും സിപിഎം കണക്കുകൂട്ടുന്നു.
പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ അനുസരിച്ച് ജില്ലയിൽ മികച്ച മുന്നേറ്റമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. മന്ത്രി എം.ബി. രാജേഷും വി.ടി. ബൽറാമും തമ്മിൽ വാശിയേറിയ പോരാട്ടം നടന്ന തൃത്താലയിൽ വിജയം ഉറപ്പാണെന്ന് സിപിഎം കണക്കുകൾ വ്യക്തമാക്കുന്നു. സിറ്റിംഗ് സീറ്റുകളെല്ലാം നിലനിർത്താനാവുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങൾ തിരിച്ചുപിടിക്കുന്നത് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. പാലക്കാട് ജയിക്കാൻ 15,000 വോട്ടുകൾ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് പാർട്ടിയുടെ കണക്ക്.

