Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala Assembly Election 2026'കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങൾ നമുക്ക് മുന്നിലുണ്ട്': ധർമ്മടത്ത് വീണ്ടും...

‘കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങൾ നമുക്ക് മുന്നിലുണ്ട്’: ധർമ്മടത്ത് വീണ്ടും ജനവിധി തേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ | CM

🎙️ Latest Podcast

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടി കയറുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്നു. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഇവിടെ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരം ജനങ്ങളുമായി പങ്കുവെച്ചത്.(We still have the skies of big dreams ahead of us to conquer, CM Pinarayi Vijayan to contest in Dharmadom)

കഴിഞ്ഞ പത്ത് വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച അനുഭവസമ്പത്തുമായാണ് താൻ ജനങ്ങളെ സമീപിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തുടനീളം വർഗീയ ശക്തികൾ പിടിമുറുക്കുമ്പോഴും കേരളം മാനവികതയുടെയും വികസനത്തിന്റെയും പര്യായമായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുറിപ്പിൻ്റെ പൂർണ്ണരൂപം

ധർമ്മടം നിയമസഭാ നിയോജക മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടാനുള്ള വലിയ ഉത്തരവാദിത്തം പാർടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എന്നെ ഏൽപ്പിച്ചിരിക്കുകയാണ് ജനിച്ചു വളർന്ന ഈ നാടിന്റെ പ്രതിനിധിയായി കഴിഞ്ഞ 10 വർഷം നിയമസഭയിൽ പ്രവർത്തിച്ച അനുഭവവും ആത്മവിശ്വാസവുമായാണ് മൂന്നാം തവണയും ജനവിധി തേടുന്നത്.

അസാധ്യമെന്ന് ലോകം കരുതിയ പലതും ഇച്ഛാശക്തികൊണ്ട് നമ്മൾ ഒറ്റക്കെട്ടായി നിന്ന് യാഥാർത്ഥ്യമാക്കി. രാജ്യത്ത് വർഗീയശക്തികൾ വളരുമ്പോളും കേരളമെന്നാൽ മാനവികതയുടെ പര്യായമാണെന്ന് ഈ ലോകത്തെ നാം ബോധ്യപ്പെടുത്തി. കീഴടക്കാൻ ഇനിയും വലിയ സ്വപ്നങ്ങളുടെ ആകാശങ്ങൾ നമുക്ക് മുന്നിലുണ്ട്.

എക്കാലത്തും ജനങ്ങൾ നൽകിയ നിസ്സീമമായ പിന്തുണയും സ്നേഹവുമാണ് ഈ പ്രവർത്തനങ്ങൾക്കെല്ലാം കരുത്തേകിയത്. ആ വലിയ വിശ്വാസം നെഞ്ചിലേറ്റി ഒരിക്കൽക്കൂടി എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വമ്പിച്ച വിജയം സമ്മാനിക്കണം എന്ന് നാടിനോട് അഭ്യർത്ഥിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ കേരളത്തിനായി, വികസനത്തിൻ്റെയും സാമൂഹ്യപുരോഗതിയുടെയും തുടർച്ചയ്ക്കായി ഒരേ മനസ്സോടെ നമുക്ക് മുന്നേറാം. 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.