കൊച്ചി: വോട്ടർമാർക്ക് പണവും സാരിയും കിറ്റുകളും നൽകി സ്വാധീനിക്കാൻ ബിജെപി നടത്തുന്ന നീക്കം ഹീനമായ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽ തന്നെ പണം വിതരണം ചെയ്യുന്നത് അതീവ ഗുരുതരമാണെന്നും സംസ്ഥാനത്തുടനീളം കോടിക്കണക്കിന് രൂപയാണ് ഇതിനായി ബിജെപി ഒഴുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(Vicious political campaign, will be dealt legally, VD Satheesan against BJP )
രാഷ്ട്രീയ പാർട്ടികളെല്ലാം കലാശക്കൊട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ബിജെപി പ്രവർത്തകർ വീടുകൾ കയറി സാരിയും പണവും വിതരണം ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമം. അടൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഒരു കൊലക്കേസിലും പ്രതിയല്ല. എന്നിട്ടും അദ്ദേഹത്തിനെതിരെ ഹീനമായ രീതിയിൽ ലഘുലേഖ ഇറക്കിയത് സിപിഐഎമ്മിന്റെ തരംതാണ രാഷ്ട്രീയമാണ്. പറവൂരിൽ തനിക്കെതിരെയും വ്യാജ നോട്ടീസുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർവീസ് വോട്ടുകൾ രേഖപ്പെടുത്താൻ വൈകുന്നത് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ്. ബാലറ്റുകൾ പോലും സമയത്തിന് എത്തിക്കാൻ കഴിയുന്നില്ല എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ജാഗ്രത കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

