തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2,71,11,856 ആണ്. മാർച്ച് 13 വരെയുള്ള കണക്കനുസരിച്ചാണിത്. ഇതിൽ സ്ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ.(Total 2,71,11,856 voters in Kerala, Assembly election date to be announced this evening)
സ്ത്രീകൾ1.38 കോടിയിലധികവും പുരുഷന്മാർ 1.32 കോടിയിലധികവുമാണ്. ഭിന്നലിംഗ വോട്ടർമാർ 227 പേരും, നവാഗതർ 4,24,518 പേരുമാണ്. സംസ്ഥാനത്തുടനീളം 30,471 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ 5,034 അഡീഷണൽ ബൂത്തുകളും വോട്ടെണ്ണലിനായി 41 കേന്ദ്രങ്ങളും തയ്യാറായിക്കഴിഞ്ഞു. സുരക്ഷയ്ക്കായി അർദ്ധ സൈനിക സേനയുടെ വിന്യാസം സംബന്ധിച്ച് കേന്ദ്രവുമായി കമ്മീഷൻ ചർച്ചകൾ പൂർത്തിയാക്കി.
18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇപ്പോഴും അവസരമുണ്ട്. സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ദിവസം വരെ വോട്ടർപട്ടികയിൽ പുതിയ പേരുകൾ ചേർക്കാം. എസ്.ഐ.ആറിൽ പേര് ചേർക്കാൻ കഴിയാത്തവർക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാവുന്നതാണ്.
വൈകിട്ട് നാല് മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വാർത്താസമ്മേളനത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെയും തീയതികൾ പ്രഖ്യാപിക്കും. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന രീതിയിലാകും ഇത്. കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. തീയതി പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വരും.

