തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും വിതരണം ചെയ്യുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യുപി സ്കൂളിലെ 61-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(There is no reason to worry in Nemom, says V Sivankutty)
നേമം മണ്ഡലത്തിൽ ബിജെപി കോടിക്കണക്കിന് രൂപയും മദ്യവുമാണ് ഒഴുക്കുന്നത്. മദ്യം ബൂത്ത് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. ഇതിന് പുറമെ കിറ്റുകളും ജോലി വാഗ്ദാനങ്ങളും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത് കണ്ടാൽ ഞെട്ടിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ശിവൻകുട്ടി അവകാശപ്പെട്ടു. എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന കാര്യത്തിൽ തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേമത്ത് എൽഡിഎഫിന് വിജയത്തിന്റെ കാര്യത്തിൽ യാതൊരു ആശങ്കയുമില്ല എന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

