ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിൽ ജി. സുധാകരൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മകൻ നവനീത്. ശരിയും തെറ്റും തമ്മിലുള്ള പോരാട്ടത്തിൽ അന്തിമ വിജയം ശരിക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സത്യാനന്തര കാലത്തെക്കുറിച്ച് സംസാരിക്കുന്നവർ സുധാകരനെതിരെയുള്ള സൈബർ ആക്രമണങ്ങളെ തള്ളിപ്പറയാത്തതിനെയും നവനീത് വിമർശിച്ചു.(The final victory will be for the right, G Sudhakaran’s Son supports him )
ചരിത്രം ദുർവ്യാഖ്യാനിക്കപ്പെടരുത് എന്ന് തോന്നിയതുകൊണ്ടാണ് സുധാകരൻ ഇപ്പോൾ കാര്യങ്ങൾ തുറന്നുപറഞ്ഞത്. ഔചിത്യവും മര്യാദയും ഉള്ളതുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ കുടുംബത്തിന് ബോധ്യമുണ്ട്.
ജി. സുധാകരനെതിരെ ആസൂത്രിതമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് ഇതിനായി ആഹ്വാനം നടക്കുന്നുണ്ട്. ഒരേ പാറ്റേണിലുള്ള ഇത്തരം ആക്രമണങ്ങളിൽ അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണെന്നും നവനീത് ചൂണ്ടിക്കാട്ടി.

