കൊച്ചി: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ജില്ലയിലാകെ സമർപ്പിക്കപ്പെട്ട 120 പത്രികകളിൽ 93 എണ്ണം അംഗീകരിക്കുകയും 27 എണ്ണം തള്ളുകയും ചെയ്തു. (Scrutiny of nominations in Ernakulam completed, 93 accepted)
ഡമ്മി സ്ഥാനാർത്ഥികളായി പത്രിക നൽകിയവരുടെ അപേക്ഷകളാണ് തള്ളപ്പെട്ടവയിൽ ഭൂരിഭാഗവും. കളമശ്ശേരി, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത്. പത്തുപേർ വീതമാണ് ഇവിടെ മത്സരരംഗത്തുള്ളത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ളത് ആലുവ, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലാണ്; നാല് പേർ വീതമാണ് ഈ മണ്ഡലങ്ങളിൽ ജനവിധി തേടുന്നത്.
പറവൂർ, കോതമംഗലം മണ്ഡലങ്ങളിൽ എട്ട് പത്രികകൾ വീതം സ്വീകരിച്ചു. യഥാക്രമം ഒന്നും രണ്ടും പത്രികകളാണ് ഇവിടെ തള്ളിയത്. അങ്കമാലിയിൽ ഏഴ് പത്രികകൾ സ്വീകരിച്ചപ്പോൾ മൂന്നെണ്ണം തള്ളി. വൈപ്പിൻ, പിറവം മണ്ഡലങ്ങളിൽ ഏഴ് പത്രികകൾ വീതം അംഗീകരിക്കുകയും രണ്ടെണ്ണം വീതം തള്ളുകയും ചെയ്തു. പെരുമ്പാവൂർ, എറണാകുളം, കുന്നത്തുനാട് എന്നിവിടങ്ങളിൽ ആറ് പത്രികകൾ വീതം അംഗീകരിച്ചു. കൊച്ചിയിൽ അഞ്ച് പത്രികകൾ സ്വീകരിച്ചപ്പോൾ മൂന്നെണ്ണം തള്ളി. ആലുവയിലും മൂവാറ്റുപുഴയിലും നാല് പത്രികകൾ വീതമാണ് അംഗീകരിക്കപ്പെട്ടത്; ഇവിടെ ഓരോ പത്രികകൾ വീതം തള്ളി.

