കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന അവകാശവാദങ്ങൾക്കെതിരെ പരിഹാസവുമായി നടൻ സലീം കുമാർ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒരിടത്തും ഇല്ലാത്ത ‘തള്ളു’മായാണ് മുഖ്യമന്ത്രി നടക്കുന്നതെന്ന് സലീം കുമാർ കുറ്റപ്പെടുത്തി.(Salim Kumar mocks the Chief Minister and CPM during his speech)
കേരളത്തിലെ മാറ്റം കണ്ടപ്പോൾ അമേരിക്ക പോലും തോറ്റുപോകുമെന്ന് വിദേശത്തുനിന്നു വന്ന ഒരാൾ പറഞ്ഞതായി മുഖ്യമന്ത്രി ഒരിക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആ വ്യക്തിയെ അന്വേഷിച്ചു പോയപ്പോൾ അയാൾ ഊളംപാറ മാനസികാശുപത്രിയിലാണെന്ന് അറിഞ്ഞുവെന്ന് സലീം കുമാർ പരിഹസിച്ചു. കേരളം അമേരിക്കയേക്കാൾ മെച്ചമാണെന്ന് പറഞ്ഞ ഉടനെ വീട്ടുകാർ അയാളെ അവിടെ കൊണ്ടുപോയി ആക്കിയതാണെന്നും താരം കൂട്ടിച്ചേർത്തു.
കേരളത്തിൽ മൂന്ന് ലക്ഷം കോടി രൂപയുടെ വ്യവസായ നിക്ഷേപം നടത്തുമെന്ന് പറഞ്ഞ വ്യവസായിയെയും താൻ അന്വേഷിച്ചു. ആ പയ്യൻ കിടക്കുന്നതിന്റെ അടുത്ത വാർഡിൽ തന്നെയാണ് ഈ വ്യവസായിയും ഉള്ളതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് സലീം കുമാർ പരിഹസിച്ചു. ഓരോ ദിവസവും ഓരോ പുതിയ തള്ളാണെന്നും സലീം കുമാർ പറഞ്ഞു.

