തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ പരസ്യ സംവാദത്തിന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. നേരത്തെ ഉന്നയിച്ച വെല്ലുവിളിയിൽ നിന്ന് രാജീവ് ചന്ദ്രശേഖർ ഒഴിഞ്ഞുമാറുന്നത് ബിജെപിക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Ready for development talks, Minister V Sivankutty challenges Rajeev Chandrasekhar to debate again)
മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ താൻ എപ്പോഴും തയ്യാറാണെന്ന് ശിവൻകുട്ടി ആവർത്തിച്ചു. വികസന ചർച്ചയ്ക്ക് ഞാൻ തയ്യാറാണ്. സമയം രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയാൽ മതിയെന്ന് ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധങ്ങളെ മറികടന്നാണ് കേരളം വികസനം നടപ്പിലാക്കുന്നത്. കുട്ടികൾക്ക് പാഠപുസ്തകം പോലും കൃത്യമായി എത്തിക്കാത്തവരാണ് വികസനത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം ബിജെപി നേതൃത്വത്തെ പരിഹസിച്ചു.
നേമം മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റോഡ് ഷോയോടും വി. ശിവൻകുട്ടി പ്രതികരിച്ചു. വികസിത നേമത്തേക്ക് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നു. കിള്ളിപ്പാലത്ത് നിന്ന് നോക്കിയാൽ തന്നെ ചാല ഐടിഐ ഉൾപ്പെടെയുള്ള വികസന നേട്ടങ്ങൾ കാണാൻ സാധിക്കും. സംസ്ഥാനത്തിന് ലഭിക്കേണ്ട സമഗ്ര ശിക്ഷാ കേരള ഫണ്ട് എത്രയും വേഗം അനുവദിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

