തിരുവനന്തപുരം: നേമം മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ‘വികസന മാർഗ്ഗരേഖ’ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. ഇത് വെറുമൊരു തിരഞ്ഞെടുപ്പ് പ്രഖ്യാപനമല്ലെന്നും ജനങ്ങളുമായുള്ള തന്റെ ‘സോഷ്യൽ കോൺട്രാക്ട്’ ആണെന്നും അദ്ദേഹം പറഞ്ഞു. നടപ്പിലാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.(Rajeev Chandrasekhar presents development plan in Nemom )
ആറ്റുകാൽ ക്ഷേത്ര പരിസരം കേന്ദ്രീകരിച്ച് ആധുനികമായ ടൗൺഷിപ്പ് നിർമ്മാണം. കിരീടം പാലം നവീകരിച്ച് സാംസ്‌കാരിക-വാണിജ്യ കേന്ദ്രമാക്കി മാറ്റും. വിജയമോഹിനി മിൽ നവീകരിക്കുന്നതിലൂടെ മണ്ഡലത്തിലെ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വെള്ളായണി കായലിനെ ആധുനിക വിനോദസഞ്ചാര കേന്ദ്രമായി മാറ്റുകയും ആരോഗ്യ-കായിക മേഖലകളിൽ വൻ വികസനം കൊണ്ടുവരികയും ചെയ്യും.
തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്നത് ബിജെപിയായതിനാൽ, നേമത്ത് നിന്ന് ഒരു ബിജെപി എംഎൽഎ കൂടി ഉണ്ടായാൽ കേന്ദ്ര സർക്കാരുമായി സഹകരിച്ച് ‘ത്രീ ടയർ വികസനം’ നടപ്പിലാക്കാൻ സാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ഇതുവരെ കണ്ടുസഹിച്ച രാഷ്ട്രീയത്തിന് മാറ്റം കൊണ്ടുവരാനാണ് താൻ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

