പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാർത്ഥി പട്ടികയിൽ പാലക്കാട് ജില്ലയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. ചിറ്റൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എയും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന. പകരം വി. മുരുകദാസിനെ മത്സരിപ്പിക്കാൻ ധാരണയായി.(Opportunity for new faces, K Krishnankutty will not contest in Chittur)
യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന പാർട്ടിക്കുള്ളിലെ ആവശ്യത്തെത്തുടർന്നാണ് കൃഷ്ണൻകുട്ടിയുടെ പിന്മാറ്റം. മണ്ഡലം, ജില്ലാ കമ്മിറ്റികൾ മുരുകദാസിന്റെ പേര് മാത്രമാണ് നിർദ്ദേശിച്ചിട്ടുള്ളത്. വി. മുരുകദാസ് ആദ്യമായാണ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്.
പാലക്കാട്ടെ സി.പി.ഐ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്ന് നടക്കുന്ന ജില്ലാ കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിലവിലെ എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ തന്നെ പട്ടാമ്പിയിൽ മൂന്നാം തവണയും മത്സരിക്കാനാണ് സാധ്യത. മുസ്ലിം ലീഗ് കോട്ടയായ മണ്ണാർക്കാട് പിടിച്ചെടുക്കാൻ മൻസിൽ ബക്കറിനെ പൊതുസ്വതന്ത്രനായി ഇറക്കാനാണ് സി.പി.ഐ നീക്കം.

