മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയായി. മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ സ്ഥിരം മണ്ഡലമായ വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. വേങ്ങരയിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയാകും.(Muslim League announces candidates, PK Kunhalikutty to contest in Malappuram)
മുതിർന്ന നേതാക്കളുടെ മണ്ഡല മാറ്റവും പുതിയ മുഖങ്ങളുടെ വരവുമാണ് ഇത്തവണത്തെ പട്ടികയെ ശ്രദ്ധേയമാക്കുന്നത്. മുനീർ മുൻപ് പ്രതിനിധീകരിച്ചിരുന്ന കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവാണ് ലീഗ് സ്ഥാനാർത്ഥി. യുവനേതാവ് ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിൽ നിന്ന് മത്സരിക്കും. വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
പി.എം.എ. സലാമിന് പകരം മുൻ മന്ത്രി അബ്ദുറബ്ബിന്റെ സഹോദരൻ അൻവർ നഹ തിരൂരങ്ങാടിയിൽ കളത്തിലിറങ്ങും. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ.കെ.എം. അഷറഫും കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളും മണ്ണാർക്കാട് എൻ. ഷംസുദ്ദീനും വീണ്ടും മത്സരിക്കും.
മൂന്ന് ടേം പൂർത്തിയാക്കിയവർക്ക് സീറ്റില്ലെന്ന കർശന നിലപാടിൽ നിന്ന് ചില നേതാക്കൾക്ക് ഇളവ് നൽകിയെങ്കിലും എം.കെ. മുനീറിനെപ്പോലൊരു മുതിർന്ന നേതാവ് പട്ടികയ്ക്ക് പുറത്തായത് അണികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.

