കോഴിക്കോട്: കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടിയുടെ തീരുമാനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഡൽഹിയിൽ നടക്കുന്നത് എംപിമാരുടെ കാര്യം മാത്രമല്ലെന്നും ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ഗൗരവകരമായ ചർച്ചകളാണെന്നും അദ്ദേഹം പറഞ്ഞു.(Leaders should stand by the party line, Shafi Parambil MP responds)
നേതൃത്വത്തിന്റെ തീരുമാനങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും എല്ലാ നേതാക്കളും പാർട്ടി ലൈൻ അനുസരിക്കാൻ ബാധ്യസ്ഥരാണ്. ഭരണം കിട്ടാൻ സാധ്യതയുള്ള സാഹചര്യത്തിൽ അർഹതയും ആഗ്രഹവുമുള്ളവർ സ്ഥാനാർത്ഥിയാകാൻ വരുന്നത് സ്വാഭാവികമാണ്. അത് എംപിമാരിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ല.
പി.കെ. ശശിയുടെ കാര്യത്തിൽ പാർട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് താനും. രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണ് ഇത്തരത്തിൽ പാർട്ടി വിട്ടുവരുന്നവരെ പിന്തുണയ്ക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ രമേഷ് പിഷാരടി മികച്ച സ്ഥാനാർത്ഥിയാണെന്ന് ഷാഫി അഭിപ്രായപ്പെട്ടു. പാർട്ടി പ്രതിസന്ധി നേരിട്ട കാലഘട്ടത്തിലും കോൺഗ്രസിനൊപ്പം ഉറച്ചുനിന്ന കലാകാരനാണ് അദ്ദേഹമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

