ആലപ്പുഴ: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യകരമാണെന്നും കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.( LDF will disappear after this election, says Rahul Gandhi in Alappuzha )
ഇടതുപക്ഷത്ത് ഇന്ന് രണ്ട് വിഭാഗം നേതാക്കളാണുള്ളതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അധികാരത്തിൽ എത്താൻ ബിജെപിയുടെ പോലും സഹായം തേടുന്ന ഒരു വിഭാഗം. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും എന്നാൽ ഇന്ന് പാർട്ടി നേതൃത്വത്താൽ ചതിക്കപ്പെടുകയും ചെയ്ത മറ്റൊരു വിഭാഗം. ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും അദ്ദേഹം പ്രവചിച്ചു.
കേന്ദ്ര ഏജൻസികൾ തന്നെയും കോൺഗ്രസിനെയും വേട്ടയാടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്ന് രാഹുൽ ചോദിച്ചു. എന്റെ പേരിൽ 38 ഓളം കേസുകളുണ്ട്. എന്നാൽ സ്വർണ്ണക്കൊള്ളയും ലാവലിൻ കേസും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ കേന്ദ്രം തൊടാത്തത്? ബിജെപിക്ക് വെല്ലുവിളി കോൺഗ്രസ് മാത്രമാണെന്ന് മോദിക്കറിയാം. മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തെ രാഹുൽ വിമർശിച്ചു.
ശബരിമലയിലെ സ്വർണ്ണം കവർന്ന് പകരം ചെമ്പ് സ്ഥാപിച്ചവർ അയ്യപ്പനെയാണ് അപമാനിച്ചത്. ക്ഷേത്രങ്ങളെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന മോദി, ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രമുഖരുടെ പേരുകൾ വിവാദമായ എപ്സ്റ്റീൻ ഫയലുകളിലുണ്ടെന്നും ഡൊണാൾഡ് ട്രംപിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ആവർത്തിച്ചു.
സംസ്ഥാനത്ത് പ്രതിഷേധിക്കുന്നവർക്കെതിരെ മുഖ്യമന്ത്രി അക്രമം അഴിച്ചുവിടുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കരിങ്കൊടി കാണിക്കുന്നവരെ പോലും അടിച്ചമർത്തുന്ന സർക്കാർ ജനങ്ങളുമായുള്ള ബന്ധം പൂർണ്ണമായും ഇല്ലാതാക്കി. കേരളം ഇന്ന് മയക്കുമരുന്നിന്റെ തലസ്ഥാനമായി മാറിയെന്നും കർഷകരും തൊഴിലാളികളും ന്യൂനപക്ഷങ്ങളും ഒരുപോലെ ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

