തിരുവനന്തപുരം: സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ ഇന്ന് നിശബ്ദ പ്രചാരണം. പരസ്യപ്രചാരണത്തിന്റെ ആവേശമുയർന്ന കലാശക്കൊട്ടിന് ശേഷം, വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികളും മുന്നണികളും.(Kerala to the polling booth tomorrow, Silent campaign today)
വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ രാവിലെ 8 മണി മുതലാണ് വിതരണം ആരംഭിക്കുന്നത്. വോട്ടെടുപ്പിന് മുന്നോടിയായുള്ള 48 മണിക്കൂർ നിശബ്ദ കാലയളവ് ആരംഭിച്ചു. ഈ സമയത്ത് മൈക്ക് പ്രചാരണമോ ലൗഡ്സ്പീക്കർ ഉപയോഗമോ അനുവദിക്കില്ല. വോട്ടെടുപ്പ് ദിവസം ‘ഡ്രൈ ഡേ’ ആയിരിക്കും.
പോളിംഗ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിതരണ-സ്വീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ബൂത്തിലെത്തുന്ന സമ്മതിദായകർ വോട്ടർ സ്ലിപ്പിന് പുറമെ തിരിച്ചറിയൽ രേഖയും നിർബന്ധമായും കൈകരുതണം. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള രേഖകളിൽ ഒന്ന് ഹാജരാക്കാവുന്നതാണ്. വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ.
ഏപ്രിൽ 29 വരെ രാജ്യത്ത് എക്സിറ്റ് പോളുകൾക്കും അഭിപ്രായ സർവേകൾക്കും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിർദ്ദേശം ലംഘിച്ച് ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയോ പത്രങ്ങളിലൂടെയോ സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിയമനടപടികൾക്ക് കാരണമാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

