തിരുവനന്തപുരം: മൂന്നാഴ്ച നീണ്ടുനിന്ന തീപാറുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകിട്ട് ആറുമണിയോടെ സമാപനമാകും. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ശക്തിപ്രകടനം നടത്തുന്ന ‘കൊട്ടിക്കലാശ’ത്തിന്റെ ആവേശത്തിലാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളും. നാളെ നിശബ്ദ പ്രചാരണത്തിന് ശേഷം വ്യാഴാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും.(Kerala Assembly election campaign in final lap today)
പ്രമുഖ നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ വമ്പിച്ച റോഡ് ഷോകൾ നടക്കുകയാണ്. സുൽത്താൻ ബത്തേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഐ.സി. ബാലകൃഷ്ണനായി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോ പ്രവർത്തകർക്ക് വലിയ ആവേശം പകർന്നു. ബാൻഡ് മേളങ്ങളും ചെണ്ടമേളങ്ങളും നിശ്ചല ദൃശ്യങ്ങളുമായി പ്രധാന നഗരങ്ങളെല്ലാം ഉത്സവലഹരിയിലാണ്. വട്ടിയൂർക്കാവ്, നേമം ഉൾപ്പെടെയുള്ള തന്ത്രപ്രധാന മണ്ഡലങ്ങളിൽ കൊട്ടിക്കലാശത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞു.
പ്രളയ വിവാദത്തിൽ സർക്കാരിനോടുള്ള പ്രതിഷേധ സൂചകമായി തിരുവല്ലയിൽ യുഡിഎഫ് കൊട്ടിക്കലാശം ഒഴിവാക്കി കുത്തിയിരുപ്പ് സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൊട്ടിക്കലാശത്തിന് ചെലവാക്കുന്ന തുക ഉപയോഗിച്ച് ഒരു വീട് നിർമ്മിച്ച് നൽകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചു. ഇവിടെയും കൊട്ടിക്കലാശം ഉണ്ടാകില്ല.
സംസ്ഥാനത്തെ 2.71 കോടി വോട്ടർമാരാണ് ഇക്കുറി വിധി നിർണ്ണയിക്കുന്നത്. വികസന നേട്ടങ്ങളും തെക്കൻ കേരളത്തിലെ സ്വാധീനവും വഴി ഭരണത്തുടർച്ച ഉറപ്പാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. ശബരിമല വിഷയം, ഭരണവിരുദ്ധ വികാരം, പാലക്കാടും കോഴിക്കോട്ടും പ്രതീക്ഷിക്കുന്ന മുന്നേറ്റം എന്നിവ വഴി അധികാരം തിരിച്ചുപിടിക്കാമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. വടക്കൻ കേരളത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്നും പല മണ്ഡലങ്ങളിലും കറുത്ത കുതിരകളാകാൻ കഴിയുമെന്നുമാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ പ്രതീക്ഷ. വയനാട് ദുരന്തബാധിതർക്കായുള്ള ഫണ്ട്, പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദം, പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള എൽപിജി പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ അവസാന ഘട്ടത്തിൽ പ്രചാരണ രംഗത്ത് സജീവ ചർച്ചയായിരുന്നു. 95 ശതമാനം പോസ്റ്റൽ വോട്ടുകളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം മെയ് 4-ന് പുറത്തുവരും.

