ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ അട്ടിമറി വിജയം നേടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ഏഴായിരം മുതൽ പതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ ലഭിക്കുമെന്നാണ് ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച ശേഷം യുഡിഎഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.(G Sudhakaran will win, Booth-level figures compiled and handed over to KPCC)
സിപിഐഎമ്മിലെയും സിപിഐയിലെയും ഒരു വിഭാഗം വോട്ടുകൾ ജി. സുധാകരന് അനുകൂലമായി ലഭിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ നിഗമനം. ഇതിനു പുറമെ ബിജെപി, എസ്ഡിപിഐ വോട്ടുകളും സുധാകരന് ലഭിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ കേഡർ വോട്ടുകളിൽ വിള്ളലുകൾ ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് അവകാശപ്പെടുന്നു.
അമ്പലപ്പുഴയിൽ ഇത്തവണ കടുത്ത മത്സരമാണ് നടന്നതെന്ന വിലയിരുത്തലിലാണ് സിപിഐഎം. അഭിമാന പ്രശ്നമായി പാർട്ടി കാണുന്ന മണ്ഡലം കൈവിട്ടു പോകാനുള്ള സാധ്യതയും അവലോകന യോഗങ്ങളിൽ ചർച്ചയായി. നേരത്തെ ജി. സുധാകരന് 6,318 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു എൽഡിഎഫ് കണക്കുകൂട്ടിയിരുന്നത്. എന്നാൽ സുധാകരൻ സ്ഥാനാർത്ഥിയല്ലായിരുന്നെങ്കിൽ എൽഡിഎഫിന് ലഭിക്കുമായിരുന്ന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായതായി പാർട്ടി ഇപ്പോൾ വിലയിരുത്തുന്നു. ബിജെപി വോട്ടുകൾ സുധാകരന് ലഭിച്ചുവെന്നത് സിപിഐഎമ്മും ശരിവെക്കുന്നുണ്ട്.

