ആലപ്പുഴ: സി.പി.എം വിട്ട് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുധാകരൻ ഇപ്പോൾ കോൺഗ്രസിന്റെ തൊപ്പിയാണ് വെച്ചിരിക്കുന്നതെന്നും പുതിയ താവളത്തിൽ പ്രീതി കിട്ടാൻ അദ്ദേഹം എന്തും പറയുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. (G Sudhakaran will say anything, nothing will happen to the party, says Chief Minister)
സുധാകരൻ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. ഇത്തരം അവസരവാദികൾ കാരണം സി.പി.എമ്മിന്റെ ഒരു വോട്ട് പോലും കുറയില്ല. പ്രവർത്തകർ വ്യക്തിക്കൊപ്പമല്ല, പാർട്ടിക്കൊപ്പമാണ്. സുധാകരൻ ഇപ്പോൾ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും സ്ഥാനാർത്ഥിയാണ്. ബി.ജെ.പി വോട്ട് കിട്ടാനാണ് അദ്ദേഹം ‘സ്വതന്ത്രൻ’ എന്ന വേഷം കെട്ടുന്നത്. ഈ ബുദ്ധി കോൺഗ്രസിന്റേതാണോ ബി.ജെ.പിയുടേതാണോ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജില്ലയിൽ മറ്റൊരു നേതാവ് വളരുന്നത് അംഗീകരിക്കാൻ സുധാകരന് കഴിയില്ല. സജി ചെറിയാനോടുള്ള വ്യക്തിവൈരാഗ്യമാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾക്ക് പിന്നിൽ. കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട സുധാകരന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജി. സുധാകരനെ സുധാകരനാക്കിയത് സി.പി.എം ആണ്. പാർട്ടിയാണ് അദ്ദേഹത്തെ വളർത്തിയത്. എന്നാൽ ഇപ്പോൾ അദ്ദേഹം കൂടുതൽ ജീർണ്ണതയിലേക്കാണ് പോകുന്നത്, മുഖ്യമന്ത്രി വ്യക്തമാക്കി.
എഫ് സി ആർ എ നിയമത്തിലെ ഭേദഗതി രാജ്യത്ത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നിസ്സഹായരായ ജനങ്ങളെ സഹായിക്കുന്ന സംഘടനകളുടെ പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് സന്നദ്ധ സേവന മേഖലയെ തകർക്കും. ക്രൈസ്തവ സഭകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വലിയ ആശങ്കയുണ്ട്. സമൂഹത്തിന് നൽകുന്ന കരുതലും പരിചരണവും തടയുന്ന ഈ ഭേദഗതി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

