Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKerala Assembly Election 2026കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും: K സുധാകരൻ രാഹുൽ...

കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും: K സുധാകരൻ രാഹുൽ ഗാന്ധിയെ കാണും, പ്രചരണവുമായി CPMഉം BJPയും | Congress

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. 50-ലധികം സ്ഥാനാർത്ഥികൾ ആദ്യ പട്ടികയിൽ ഇടംപിടിക്കുമെന്നാണ് സൂചന. ഡൽഹിയിൽ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.(Congress may announce first phase candidate list today)

കണ്ണൂരിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കെ. സുധാകരൻ എം.പി. ഉന്നയിച്ച ആവശ്യങ്ങളിൽ അനിശ്ചിതത്വം തുടരുകയാണ്. ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്കായി അദ്ദേഹം ഡൽഹിയിലെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരുമായി സുധാകരൻ കൂടിക്കാഴ്ച നടത്തും. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനമുണ്ടാകും.

സ്ഥാനാർത്ഥി നിർണ്ണയത്തിനായി മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ രണ്ടാം ദിവസവും തുടരുകയാണ്. ജില്ലാ ഭാരവാഹികളുമായി വ്യക്തിഗത കൂടിക്കാഴ്ചകൾ നടത്തിയാണ് തങ്ങൾ അഭിപ്രായം തേടുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുന്നതോടെ വെങ്ങരയിൽ കെ.എം. ഷാജിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

കോൺഗ്രസിൽ നിന്ന് തിരുവമ്പാടി ഏറ്റെടുത്ത് തവനൂർ വിട്ടുകൊടുക്കാനും ലീഗ് നേതൃത്വത്തിൽ ധാരണയായതായാണ് വിവരം. യു.ഡി.എഫ് പട്ടികയ്ക്കായി കാത്തിരിക്കുമ്പോൾ, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എൽ.ഡി.എഫും എൻ.ഡി.എയും പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. ഉച്ചകഴിഞ്ഞ് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തിന് മട്ടന്നൂർ മുതൽ പിണറായി വരെ റോഡ് ഷോ നൽകും. തുടർന്ന് പിണറായിയിൽ നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം സംസാരിക്കും. ആദ്യഘട്ടത്തിൽ മൂന്ന് ദിവസം അദ്ദേഹം ജില്ലയിൽ ക്യാമ്പ് ചെയ്യും.

തിരുവനന്തപുരത്ത് എൻ.ഡി.എയുടെ പ്രചാരണത്തിന് ആവേശം പകരാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നിറങ്ങും. കാട്ടാക്കടയിലെ ബിജെപി സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസിന്റെ തിരഞ്ഞെടുപ്പ് കാര്യാലയം അദ്ദേഹം ഉദ്ഘാടനം ചെയ്യും. എൻ.ഡി.എയുടെ ബാക്കി സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.