തിരുവനന്തപുരം: പാലക്കാട് ഉൾപ്പെടെ പത്ത് മണ്ഡലങ്ങളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രം കോൺഗ്രസിന്റേതാണെന്നും ഇപ്പോഴത്തെ ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നും അദ്ദേഹം. പഴയ ‘കോലിബീ’ സഖ്യത്തെ ഓർമിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.(Congress has a history of forming alliances with BJP, says Chief Minister)
2016-ൽ നേമം മണ്ഡലത്തിൽ ബിജെപി വിജയിക്കാൻ കാരണം കോൺഗ്രസാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അന്ന് കോൺഗ്രസ് വോട്ടുകളിൽ വലിയ ഇടിവുണ്ടായെന്നും മറ്റൊരു നേതാവിനെ ജയിപ്പിക്കാൻ ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായിരുന്നു നേമത്തെ ബിജെപി വിജയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് ബിജെപിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് ആഹ്ലാദിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ ശക്തമായി എതിർക്കുന്ന കോൺഗ്രസ് ഫലത്തിൽ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ബിജെപിയെ നേരിടാൻ ഒറ്റയ്ക്ക് ശേഷിയില്ലാത്ത കോൺഗ്രസ്, പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ച് നിർത്താൻ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. രാജ്യവ്യാപകമായി ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും ഭരണത്തുടർച്ചയ്ക്കായി സംസ്ഥാനത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതിപക്ഷം വർഗീയതയെ കൂട്ടുപിടിച്ച് അസത്യപ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ പ്രകടനപത്രികകൾ നൽകിയ ശേഷം അവ ചവറ്റുകൊട്ടയിലെറിയുന്ന സംസ്കാരമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആ രീതി ഇന്ന് മാറിയെന്നും വാഗ്ദാനങ്ങൾ നടപ്പിലാക്കുന്ന വിശ്വസ്തതയാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ തകർച്ചയിലായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 18 മാസത്തോളം ക്ഷേമ പെൻഷനുകൾ മുടങ്ങിയ സാഹചര്യം അന്നുണ്ടായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ജനങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റേത് കൃത്യതയോടെയുള്ള നിലപാടാണെന്നും ഇത് തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കിയാലും ഇടതുമുന്നണിയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ഒരു പ്രചാരണ വിഷയമാക്കണോ എന്നത് ഓരോ രാഷ്ട്രീയ പാർട്ടികൾക്കും തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ടി അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളൊന്നുമില്ലെന്ന്അദ്ദേഹം ഓർമ്മിപ്പിച്ചു.

