തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ ചിത്രം ഇന്നറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കുന്നതോടെ സംസ്ഥാനത്തെ യഥാർത്ഥ മത്സര ചിത്രം വ്യക്തമാകും.(Assembly elections, The deadline for withdrawal of nominations ends today)
സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ നിലവിൽ 985 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇന്നലെ നടന്ന പരിശോധനയിൽ 269 പത്രികകൾ വിവിധ കാരണങ്ങളാൽ തള്ളിയിരുന്നു. കൊടുവള്ളിയിൽ ആണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ. 17 പേരാണ് ഇവിടെ മത്സരിക്കുന്നത്. തിരുവനന്തപുരം 16 സ്ഥാനാർത്ഥികളുമായി തൊട്ടുപിന്നിലുണ്ട്.
പല നിർണ്ണായക മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർത്ഥികൾ ഭീഷണിയുയർത്തുന്നുണ്ട്. കൂടാതെ, വോട്ടുകൾ ഭിന്നിച്ചുപോകാൻ കാരണമാകുന്ന അപരന്മാരുടെ സാന്നിധ്യവും സ്ഥാനാർത്ഥികളെ ആശങ്കയിലാക്കുന്നു. മൂന്ന് മണിക്ക് മുൻപായി വിമതരെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വങ്ങൾ.

