തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ മത്സരചിത്രം തെളിയാൻ ഇനി ഒരു ദിവസം കൂടി ബാക്കി. സ്ഥാനാർത്ഥിത്വത്തിൽ നിന്നും പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കുന്നതോടെ, പ്രധാന മണ്ഡലങ്ങളിലെ പോരാട്ട വീര്യം വ്യക്തമാകും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്തൊട്ടാകെ 354 പത്രികകളാണ് വിവിധ കാരണങ്ങളാൽ തള്ളിയത്.(Assembly elections, One more day to withdraw nominations)
പല സുപ്രധാന മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാർത്ഥികൾക്ക് അപരന്മാരുടെ സാന്നിധ്യം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വോട്ടുകൾ ഭിന്നിച്ചു പോകുന്നത് തടയാൻ അപരന്മാരെ പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയ മുന്നണികൾ. ഇതിൽ ആരൊക്കെ നാളെ പത്രിക പിൻവലിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പലയിടത്തെയും വിജയസാധ്യതകൾ.
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിൽ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ അപരനായി പത്രിക നൽകിയിരിക്കുന്നത് തിരുവനന്തപുരം ഊഴമലയ്ക്കൽ നിന്നുള്ള പ്രാദേശിക കോൺഗ്രസ് നേതാവ് ഡി. സുരേന്ദ്രൻ നായരാണ്. വിഷയത്തിൽ നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്നലെ നടന്ന സൂക്ഷ്മപരിശോധനയിൽ സാങ്കേതിക പിഴവുകൾ കാരണം 354 പത്രികകൾ തള്ളിയതോടെ പല സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്ത് നിന്ന് പുറത്തായിട്ടുണ്ട്. നാളെ വൈകുന്നേരത്തോടെ ഓരോ മണ്ഡലത്തിലെയും അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടും.

