കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി എറണാകുളം റൂറൽ ജില്ലാ പോലീസ് സജ്ജമായി. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.(Assembly elections, Around 3000 police personnel to be deployed in Ernakulam Rural)
തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഉൾപ്പെടെയുള്ള കേന്ദ്ര സേനയിൽ നിന്ന് 300 ഓളം ഉദ്യോഗസ്ഥർ ഉണ്ടാകും. തമിഴ്‌നാട് പോലീസും സുരക്ഷാ ചുമതലകളിൽ പങ്കുചേരും. 1852 സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
നിരീക്ഷണത്തിനായി 94 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചു. ഓരോ സംഘത്തിനൊപ്പവും നടപടികൾ ചിത്രീകരിക്കാൻ പ്രത്യേക ക്യാമറ ടീമും ഉണ്ടാകും. ജില്ലയിലെ ആറ് ഇലക്ഷൻ സബ് ഡിവിഷനുകളിലായി ആകെ 1989 ബൂത്തുകളാണുള്ളത്. ഇതിൽ എത്തിപ്പെടാൻ പ്രയാസമുള്ള ആറ് ബൂത്തുകളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന ബൂത്തുകളിലും വോട്ടെണ്ണൽ – പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളിലും എസ്പി നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന സുരക്ഷാ അവലോകന യോഗം എസ്പി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു.

