തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ശക്തമായ ത്രികോണപ്പോരാട്ടത്തിന് കളമൊരുങ്ങി. ബിജെപി സ്ഥാനാർത്ഥിയായി ആർ. ശ്രീലേഖ ഇന്ന് ചുവരെഴുതി പ്രചാരണം ആരംഭിക്കും. കോൺഗ്രസിനായി കെ. മുരളീധരനും എൽഡിഎഫിനായി സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തും എത്തുന്നതോടെ മണ്ഡലം സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറി.(Assembly Election battle in Vattiyoorkavu, K Muraleedharan, R Sreelekha and VK Prasanth face off)
മണ്ഡലത്തിൽ സജീവമാകാൻ പാർട്ടി നേതൃത്വം നിർദ്ദേശിച്ചതോടെയാണ് ആർ. ശ്രീലേഖ ഇന്ന് രംഗത്തിറങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ച ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ചില പരിഭവങ്ങൾ നിലനിന്നിരുന്നു.
സിറ്റിംഗ് എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തന മികവും യുവനേതാവെന്ന പ്രതിച്ഛായയുമായി വി.കെ. പ്രശാന്ത് മണ്ഡലം നിലനിർത്താൻ ഇറങ്ങും. കെ. മുരളീധരനെ തന്നെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് നീക്കം. അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

