കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് അദ്ദേഹത്തിന്റെ പ്രധാന പരിപാടികൾ.(Amit Shah intensifies NDA campaign, Holds road show in Beypore)
കോഴിക്കോട് ബേപ്പൂരിലെ എൻഡിഎ സ്ഥാനാർത്ഥിക്കായി അമിത് ഷാ റോഡ് ഷോ നടത്തി. മാത്തോട്ടം മുതൽ നടുവട്ടം വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് പ്രവർത്തകരുടെ വൻ പങ്കാളിത്തത്തോടെ റോഡ് ഷോ നടന്നത്. വൈകുന്നേരം തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം പ്രവാസികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. തലസ്ഥാന നഗരിയിലെ പ്രചാരണ പരിപാടികളിലും അദ്ദേഹം പങ്കുചേരും.
യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് കൊട്ടാരക്കരയിലെത്തും. വൻ ജനപങ്കാളിത്തത്തോടെയുള്ള പൊതുസമ്മേളനത്തിലാണ് അദ്ദേഹം സംസാരിക്കുക. വടക്കൻ കേരളത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരത്തെ പ്രചാരണം നടത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രചാരണം തുടരുകയാണ്. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് ചോദിക്കുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച പണത്തെച്ചൊല്ലിയുള്ള വിവാദം രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതുമുന്നണിയുടെ നീക്കം. തിരഞ്ഞെടുപ്പ് ചൂട് കൊടുമ്പിരിക്കൊള്ളുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കൾ കേരളത്തിലെത്തും. ഏപ്രിൽ 9-നാണ് പോളിംഗ് നടക്കുന്നത്.

