ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപ്പുഴയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വേറിട്ടൊരു സമ്മാനം. ആലപ്പുഴയുടെ സ്വന്തം നെയ്മീനാണ് രാഹുലിന് പ്രവർത്തകർ സ്നേഹസമ്മാനമായി നൽകിയത്. നാല് കിലോ തൂക്കം വരുന്ന നെയ്മീൻ വിഐപി പരിവേഷത്തോടെയാണ് വേദിയിലെത്തിച്ചത്.(Alappuzha’s gift of love to Rahul Gandhi, 4 kg of King Fish handed over)
എ.ഡി. തോമസാണ് രാഹുൽ ഗാന്ധിക്ക് മീൻ സമ്മാനിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. കേരളീയ ഭക്ഷണങ്ങളോടുള്ള രാഹുലിന്റെ താല്പര്യം മുൻനിർത്തിയായിരുന്നു ഈ നീക്കം. കെ.സി. വേണുഗോപാൽ സമ്മതം മൂളിയതോടെ സമ്മാനം നൽകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.
കൊച്ചിയിൽ നിന്നാണ് ഗുണമേന്മയുള്ള നെയ്മീൻ എത്തിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശന പരിശോധനകൾക്ക് ശേഷമാണ് മീൻ വേദിയിലേക്ക് മാറ്റിയത്. മണ്ണഞ്ചേരി കാവുങ്കലിൽ നടന്ന പ്രചാരണ യോഗത്തിൽ വെച്ച് അമ്പലപ്പുഴ വളഞ്ഞവഴിയിലെ ശ്രീറാം വള്ളത്തിലെ തൊഴിലാളിയായ അനിൽകുമാറാണ് രാഹുൽ ഗാന്ധിക്ക് നെയ്മീൻ കൈമാറിയത്. ഈ സമയം കെ.സി. വേണുഗോപാലിനൊപ്പം അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനും വേദിയിലുണ്ടായിരുന്നു എന്നത് ശ്രദ്ധേയമായി.

