തിരുവനന്തപുരം: ഇറാൻ-ഇസ്രായേൽ യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഘർഷമേഖലയിലുള്ള പ്രവാസികളെ ആവശ്യമെങ്കിൽ അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര സർക്കാരിന് കേരളത്തിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.(West Asian conflict and Khamenei’s death, Kerala CM writes to PM, requests repatriation of expatriates if necessary)
വ്യോമപാതകൾ അടച്ചതോടെ ദുബായിൽ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളും വിനോദസഞ്ചാരികളും കുടുങ്ങിക്കിടക്കുകയാണ്. പൂനെ ഇന്ദിരാ സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിലെ 84 എംബിഎ വിദ്യാർത്ഥികൾ മടങ്ങാനാകാതെ ദുബായിൽ കുടുങ്ങി. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്. നിലവിൽ ഇവർ സുരക്ഷിതരാണെന്നും ഹോട്ടലുകളിലേക്ക് മാറ്റിയെന്നും കോളേജ് അധികൃതർ അറിയിച്ചു.
ബെല്ലാരി എംഎൽഎ നാര ഭാരത് റെഡ്ഡി ഉൾപ്പെടെ 200-ഓളം കന്നഡികർ ദുബായിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. 150 അംഗ വിദ്യാർത്ഥി സംഘവും ബെല്ലാരിയിൽ നിന്നുള്ള 15 അംഗ കുടുംബവും ഇതിൽ ഉൾപ്പെടുന്നു. കർണാടക സർക്കാർ ഹെൽപ്പ് ലൈൻ തുറന്നതായും ഇവരെ തിരികെ എത്തിക്കാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വധത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ കറാച്ചിയിൽ അമേരിക്കൻ കോൺസുലേറ്റിന് നേരെ വൻ ആക്രമണം ഉണ്ടായി. ബാരിക്കേഡുകൾ തകർത്ത് അകത്തുകയറിയ പ്രതിഷേധക്കാർ കോൺസുലേറ്റിന് തീയിട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് നടത്തിയ വെടിവെയ്പ്പിൽ ആറുപേർ കൊല്ലപ്പെട്ടു.
കറാച്ചിയിലെ മിയാ കലോച്ചി റോഡിലുള്ള കോൺസുലേറ്റ് പരിസരം യുദ്ധക്കളമായി മാറി. പ്രതിഷേധക്കാർക്കെതിരെ ടിയർ ഗ്യാസ് ഉൾപ്പെടെ പ്രയോഗിച്ചതായും ആറു മൃതദേഹങ്ങൾ സിവിൽ ആശുപത്രിയിൽ എത്തിച്ചതായും ‘ഡോൺ’ പത്രം റിപ്പോർട്ട് ചെയ്തു. ആരെയും നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ലെന്ന് സിന്ധ് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
അമേരിക്കൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ വധത്തിന് പകരം വീട്ടുമെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി. “അമേരിക്കക്കാർ ഇറാനിയൻ ജനതയുടെ ഹൃദയത്തിലാണ് കുത്തിയത്, പകരം ഞങ്ങൾ അവരുടെ ഹൃദയത്തിൽ തന്നെ കുത്തും” എന്ന ലാരിജാനിയുടെ പ്രഖ്യാപനം പശ്ചിമേഷ്യയെ കൂടുതൽ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
അടിച്ചു ഓടിപ്പോകാൻ ഇത് സിനിമയല്ല. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള സൈനിക നടപടി ഇതിലും ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖമേനിയുടെ അഭാവത്തിൽ രാജ്യം ഭരിക്കാൻ പ്രസിഡന്റും ജുഡീഷ്യറി തലവനും ഉൾപ്പെടുന്ന താത്കാലിക നേതൃത്വ സംവിധാനം ഉടൻ നിലവിൽ വരും. അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങളുമായി നേരിട്ടുള്ള യുദ്ധത്തിന് ഇറാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ആ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരും.
ലാരിജാനിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ഇറാൻ സൈന്യം ഇതിനകം തന്നെ പ്രത്യാക്രമണം ആരംഭിച്ചതായാണ് റിപ്പോർട്ട്. മേഖലയിലെ യുഎസ് കപ്പലുകൾക്ക് നേരെ ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു. കുവൈറ്റിലെയും ഖത്തറിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ നടന്നു. ഇതോടെ പശ്ചിമേഷ്യയിൽ ഒരു സമാധാന ചർച്ചയ്ക്കുള്ള സാധ്യതകൾ പൂർണ്ണമായും അടഞ്ഞ നിലയിലാണ്. ലാരിജാനിയുടെ നേതൃത്വത്തിലുള്ള പുതിയ സൈനിക തന്ത്രങ്ങൾ അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പ്രതികാരമായി ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ വൻതോതിലുള്ള മിസൈൽ ആക്രമണം ആരംഭിച്ചു. നൂറുകണക്കിന് മിസൈലുകളാണ് ഇറാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇസ്രായേലിലേക്ക് കുതിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ ഒന്നടങ്കം യുദ്ധത്തിന്റെ തീജ്വാലയിലായിരിക്കുകയാണ്. ഇറാന്റെ മിസൈൽ വർഷത്തിൽ ഇസ്രായേലിൽ ഇതുവരെ 121 പേർക്ക് പര്യക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ഇറാന്റെ മിസൈലുകളെ നേരിടാൻ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ആക്രമണം തുടരുന്ന സാഹചര്യത്തിൽ ജനങ്ങളോട് ബോംബ് ഷെൽട്ടറുകളിലും ബങ്കറുകളിലും തന്നെ തുടരാൻ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത അറിയിപ്പ് വരുന്നത് വരെ ആരും പുറത്തിറങ്ങരുത്. ഇന്നലത്തേതിനേക്കാൾ ശക്തമായ സ്ഫോടന ശബ്ദങ്ങളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുഴങ്ങുന്നത്. ദുബായിൽ അതിശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ബഹ്‌റൈനിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഖത്തർ ഭരണകൂടം തങ്ങളുടെ ദേശീയ മുന്നറിയിപ്പ് പുതുക്കി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ദോഹ അറിയിച്ചു. ഇറാന്റെ മിസൈലുകൾ ഇസ്രായേലിനെ മാത്രമല്ല, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ഗൾഫ് രാജ്യങ്ങളിലെ വ്യോമപാതകൾ മിക്കവാറും പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. വിമാന സർവീസുകൾ റദ്ദാക്കിയത് ലക്ഷക്കണക്കിന് പ്രവാസികളെയും വിനോദസഞ്ചാരികളെയും ബാധിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ, വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 27 യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ വർഷം നടത്തി. ഖമേനിയുടെ വധത്തിന് ഇതുവരെ കാണാത്ത തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാൻ നീക്കം നടത്തിയത്. ഇറാഖിലെ എർബിലുള്ള യുഎസ് സൈനിക താവളത്തിന് നേരെ ശക്തമായ ആക്രമണം ഉണ്ടായി. പശ്ചിമേഷ്യയിലുടനീളമുള്ള യുഎസിന്റെ തന്ത്രപ്രധാനമായ 27 കേന്ദ്രങ്ങളിലേക്കാണ് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്. യുദ്ധം ജനവാസ മേഖലകളിലേക്ക് വ്യാപിച്ചത് ഗൾഫ് മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. ഇതോടെ ഈ രാജ്യങ്ങളെല്ലാം തങ്ങളുടെ വ്യോമപാതകൾ പൂർണ്ണമായും അടച്ചു. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തകർത്താണ് ഇറാന്റെ ആക്രമണം മുന്നേറുന്നത്. ഇതോടെ മേഖലയിലെ വിമാന സർവീസുകൾ പൂർണ്ണമായും റദ്ദാക്കപ്പെട്ടു. ആയിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
ഖമേനിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുജ്തബ ഖമേനി (55) പിൻഗാമിയായേക്കുമെന്ന് റിപ്പോർട്ടുകൾ. അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. നാലര പതിറ്റാണ്ടായി തുടരുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നയങ്ങളിൽ മാറ്റമുണ്ടാകുമോ അതോ പിതാവിന്റെ കടുത്ത നിലപാടുകൾ മുജ്തബ തുടരുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

