വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ ഒരു കരാറിനും താൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർക്കശമായ നിലപാട് വ്യക്തമാക്കിയത്. ഇറാൻ ഒരു ഉടമ്പടിക്കായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ തൃപ്തികരമല്ലെന്നും വളരെ ശക്തമായ വ്യവസ്ഥകളിന്മേൽ മാത്രമേ ചർച്ചകൾ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Trump says not ready to make deal to end war on Iran)
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ അവസ്ഥയെക്കുറിച്ച് ട്രംപ് വലിയ സംശയങ്ങളാണ് ഉന്നയിച്ചത്. അധികാരം ഏറ്റെടുത്ത ശേഷം ഖമേനി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. “അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും എനിക്കറിയില്ല. ഖമേനിയുടെ മരണത്തെക്കുറിച്ച് പുറത്തുവരുന്നത് വെറും കിംവദന്തികളാണോ എന്ന് വ്യക്തമല്ല. ഒരുപക്ഷേ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്റെ രാജ്യത്തിനായി ബുദ്ധിപരമായ ഒരു തീരുമാനം എടുക്കണം, അത് കീഴടങ്ങുക എന്നതാണ്,” ട്രംപ് പരിഹസിച്ചു.
ഇറാന്റെ ഭാവി നേതാവായി ആരെ പിന്തുണയ്ക്കുന്നു എന്ന ചോദ്യത്തിന്, മികച്ച രീതിയിൽ രാജ്യം ഭരിക്കാൻ ശേഷിയുള്ള പലരും അവിടെയുണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണയ്ക്ക് മേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തിയ തന്റെ തീരുമാനത്തെ ട്രംപ് ന്യായീകരിച്ചു. ലോകത്തിന് നിലവിൽ എണ്ണ ആവശ്യമാണെന്നും പ്രതിസന്ധി മാറിയാലുടൻ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിയൻ ഡ്രോണുകളെ പ്രതിരോധിക്കാൻ ഉക്രൈൻ സൈന്യത്തിനുള്ള പരിചയം പങ്കുവെക്കാമെന്ന വോളോഡിമർ സെലൻസ്‌കിയുടെ വാഗ്ദാനത്തെ ട്രംപ് തള്ളിക്കളഞ്ഞു. തങ്ങൾക്ക് സഹായം ആവശ്യമില്ലാത്ത അവസാനത്തെ വ്യക്തിയാണ് സെലൻസ്‌കി എന്നായിരുന്നു ട്രംപിന്റെ പരിഹാസം കലർന്ന പ്രതികരണം.

