വാഷിംഗ്ടൺ: ഇറാൻ തൊടുത്തുവിട്ട മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ കുവൈത്ത് നാവികസേനയിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സർജന്റുമാരായ വാലീദ് മജീദ് സുലൈമാൻ, അബ്ദുൽ അസീസ് അബ്ദുൾ മൊഹ്‌സെൻ ദാഖിൽ നാസർ എന്നിവരാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ചത്. കുവൈത്തിന് നേരെ ഇതുവരെ 97 ബാലിസ്റ്റിക് മിസൈലുകളും 300 ഓളം ഡ്രോണുകളും ഇറാൻ പ്രയോഗിച്ചു.(Trump says Iran would have built a nuclear bomb if he hadn’t, Iran closes the Strait of Hormuz)
ലോകത്തിലെ എണ്ണവ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചു. വിലക്ക് ലംഘിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെ മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ഖത്തർ എനർജി ഗ്യാസ് ഉത്പാദനം നിർത്തിവെച്ചു.
നിലവിലെ സംഘർഷങ്ങൾക്ക് മുൻ പ്രസിഡന്റുമാരായ ബരാക് ഒബാമയും ജോ ബൈഡനുമാണ് ഉത്തരവാദികളെന്ന് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഒബാമയുടെ കാലത്തെ ‘ഭീകരമായ’ ഇറാൻ ആണവ കരാർ താൻ അവസാനിപ്പിച്ചില്ലായിരുന്നെങ്കിൽ ഇറാൻ മൂന്ന് വർഷം മുൻപേ അണുബോംബ് സ്വന്തമാക്കുമായിരുന്നു എന്ന് ട്രംപ് പറഞ്ഞു.
ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കയ്ക്കും യൂറോപ്പിനും ഭീഷണിയാണെന്നും, ഇറാനെ തടയാൻ കിട്ടിയ ഏറ്റവും മികച്ച അവസരമാണിതെന്നും ട്രംപ് വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വൻതോതിലുള്ള വ്യോമാക്രമണത്തിന് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായി റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ ജനവാസ മേഖലകളിൽ നിന്ന് താമസക്കാരോട് മാറിനിൽക്കാൻ ഇസ്രായേൽ സൈന്യം നിർദ്ദേശിച്ചു.
ദീർഘദൂര മിസൈലുകളിലൂടെയും വ്യോമാക്രമണത്തിലൂടെയും ഇറാനെ തകർക്കാനാണ് ലക്ഷ്യം. നിലവിൽ കരസേനയെ ഇറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.സൗദി തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. എംബസിയിൽ തീപിടുത്തമുണ്ടായെങ്കിലും ആളപായമില്ല. കുവൈത്തിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ നടന്ന ആക്രമണത്തിൽ ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്.

