ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ക്ക് പിന്നിൽ വർഷങ്ങൾ നീണ്ട അതിസങ്കീർണ്ണമായ സൈബർ നീക്കങ്ങളുണ്ടായിരുന്നതായി റിപ്പോർട്ട്. ഇസ്രായേൽ ചാരസംഘടനയായ മൊസാദും അമേരിക്കൻ ഇന്റലിജൻസും ചേർന്ന് ഇറാന്റെ സുരക്ഷാ ശൃംഖലയിൽ വിള്ളലുണ്ടാക്കിയ രീതിയെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വെളിപ്പെടുത്തലുകൾ നടത്തിയത്.(Traffic cameras and mobile towers hacked, Mossad and American intelligence trap Khamenei)
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ഭൂരിഭാഗം ട്രാഫിക് ക്യാമറകളും ഇസ്രായേൽ ഹാക്ക് ചെയ്തിരുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എൻക്രിപ്റ്റ് ചെയ്ത് ഇസ്രായേലിലെ സെർവറുകളിലേക്ക് നേരിട്ടെത്തിച്ചിരുന്നു. ഖമേനിയുടെ വസതിയുടെ കോമ്പൗണ്ടിനുള്ളിലെ നീക്കങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടങ്ങൾ, ഖമനെയിയുടെ ദിനചര്യകൾ എന്നിവ കൃത്യമായി മനസ്സിലാക്കാൻ ഈ ദൃശ്യങ്ങൾ സഹായിച്ചു.
ഖമേനിയുടെ കൊട്ടാരത്തിന് ചുറ്റുമുള്ള ഒരു ഡസനോളം മൊബൈൽ ടവറുകളുടെ നിയന്ത്രണം ഇസ്രായേൽ രഹസ്യമായി കൈക്കലാക്കിയിരുന്നു. ആക്രമണ ഭീഷണി ഉണ്ടാകുമ്പോൾ ഖമേനി എങ്ങോട്ടാണ് മാറുന്നത്, ആരെയൊക്കെ കാണുന്നു തുടങ്ങിയ കാര്യങ്ങൾ യുഎസ് ഇന്റലിജൻസിന് കൃത്യമായി അറിയാമായിരുന്നു എന്ന് റിപ്പോർട്ട് ചെയ്തു. അപൂർവ്വമായി മാത്രം ഒത്തുചേരുന്ന ഇറാനിയൻ ഉന്നത ഉദ്യോഗസ്ഥരെയും സൈനിക മേധാവികളെയും ഒരേസമയം ലക്ഷ്യം വെക്കാനാണ് ഇസ്രായേൽ കാത്തിരുന്നത്.
ആക്രമണം ആദ്യം നിശ്ചയിച്ചിരുന്നത് രാത്രിയിലായിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെ ഖമേനിയും റെവല്യൂഷണറി ഗാർഡ് മേധാവി ഉൾപ്പെടെയുള്ള ഉന്നതരും ടെഹ്‌റാൻ കോമ്പൗണ്ടിൽ യോഗം ചേരുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ പ്ലാൻ മാറ്റി. ശനിയാഴ്ച രാവിലെ 6 മണിയോടെ (ഇസ്രായേൽ സമയം) യുഎസ്-ഇസ്രായേൽ വിമാനങ്ങൾ കോമ്പൗണ്ടിലേക്ക് ബോംബുകൾ വർഷിച്ചു. ഖമേനിക്ക് പുറമെ ഐആർജിസി മേധാവി ഉൾപ്പെടെ 40-ഓളം മുതിർന്ന ഉദ്യോഗസ്ഥർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

