തിരുവനന്തപുരം: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് സ്കൂളുകളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.(SSLC and Plus Two exams in Gulf postponed, says Minister V Sivankutty)
പ്ലസ് ടു വിഭാഗത്തിലെ മാർച്ച് 5, 6, 7 തീയതികളിൽ നടക്കാനിരുന്ന പരീക്ഷകളാണ് നിലവിൽ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. കേരളത്തിലെ പരീക്ഷാ തീയതികളിൽ യാതൊരു മാറ്റവുമില്ല. നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകൾ നടക്കും.
സാധാരണയായി കേരളത്തിലും ഗൾഫിലും ഒരേ ദിവസമാണ് പരീക്ഷ നടക്കാറുള്ളതെങ്കിലും, ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ഗൾഫ് മേഖലയിൽ പിന്നീട് പ്രത്യേക ചോദ്യപ്പേപ്പർ തയ്യാറാക്കി പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മെയ് മൂന്നാം വാരത്തിന് മുൻപായി എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ മെയ് 11-ഓടെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിൽ ഇറാൻ്റെ ആക്രമണം ശക്തമായതോടെ കടൽമാർഗമുള്ള യാത്ര ദുഷ്കരമായ സാഹചര്യത്തിൽ, ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട കപ്പൽ കൊല്ലം തുറമുഖത്ത് അഭയം പ്രാപിച്ചു. ഒരു ഓഫ് ഷോർ സപ്ലൈ വെസൽ ആണ് സുരക്ഷാ കാരണങ്ങളാൽ യാത്ര പാതിവഴിയിൽ നിർത്തി കൊല്ലത്ത് നങ്കൂരമിട്ടത്.
ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യൻ തീരത്തേക്ക് ലക്ഷ്യമിട്ടായിരുന്നു കപ്പലിൻ്റെ യാത്ര. എന്നാൽ ഗൾഫ് മേഖലയിൽ യുദ്ധം രൂക്ഷമായതോടെ മുന്നോട്ട് പോകുന്നത് അപകടമാണെന്ന് കപ്പൽ അധികൃതർ വിലയിരുത്തി. സൗദി തീരത്ത് അടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിടാൻ അനുമതി തേടുകയായിരുന്നു. ഇതൊരു ചരക്ക് കപ്പലല്ലെന്നും, എണ്ണ ഖനന കേന്ദ്രങ്ങൾക്കും മറ്റും ആവശ്യമായ സാധനങ്ങളും സേവനങ്ങളും എത്തിക്കുന്ന ചെറിയ വിഭാഗത്തിൽപ്പെട്ട ഓഫ് ഷോർ സപ്ലൈ കപ്പലാണെന്നും തുറമുഖ അധികൃതർ വ്യക്തമാക്കി.

