വാഷിംഗ്ടൺ: ഇറാനിലെ എണ്ണസംഭരണകേന്ദ്രങ്ങൾക്കും ശുദ്ധീകരണശാലകൾക്കും നേരെ ഇസ്രായേൽ നടത്തിയ വ്യാപകമായ ആക്രമണത്തിൽ അമേരിക്കൻ ഭരണകൂടം എതിർപ്പ് പ്രകടിപ്പിച്ചു. ആക്രമണം തങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറമാണെന്നും ഇത് നല്ലൊരു ആശയമല്ലെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.(Israeli attack on Iranian oil companies, America expresses deep dissatisfaction)
എണ്ണസംഭരണ കേന്ദ്രങ്ങൾ തകരുന്നത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകുമെന്ന് അമേരിക്ക ഭയപ്പെടുന്നു. ഇത് ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കുമെന്ന് വൈറ്റ്ഹൗസ് കരുതുന്നു. ഇത്തരം ആക്രമണങ്ങൾ ഇറാനിലെ ഭരണമാറ്റത്തെ പിന്തുണയ്ക്കുന്നവരിൽ പോലും എതിർപ്പുണ്ടാക്കാൻ ഇടയാക്കിയേക്കാം.
പ്രസിഡന്റ് ട്രംപ് എണ്ണസമ്പത്ത് സംരക്ഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അത് നശിപ്പിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് പ്രതികരിച്ചു. ടെഹ്‌റാനിലെയും സമീപപ്രദേശങ്ങളിലെയും എണ്ണസംഭരണകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കേന്ദ്രങ്ങളാണെന്ന് അവകാശപ്പെട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

