ന്യൂഡൽഹി: ഇറാൻ-യുഎസ് സംഘർഷത്തിനിടെ വിദേശ കപ്പലുകളിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് സ്ഥിരീകരിച്ചു. എന്നാൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള കപ്പലുകൾ ഇതുവരെ നേരിട്ട് ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.(Iran-Israel conflict, 3 Indian sailors on foreign ships confirmed killed)
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമമേനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ജമ്മു കശ്മീർ പോലീസ് മാധ്യമങ്ങൾക്കെതിരെ കേസെടുത്തു. ക്രമസമാധാനം തകർക്കുന്ന രീതിയിൽ വാർത്തകൾ നൽകിയെന്നും പ്രകോപനപരമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
ഖമേനി വധത്തിന് പിന്നാലെ താഴ്വരയിൽ വലിയ പ്രതിഷേധങ്ങൾ നടന്ന സാഹചര്യത്തിലാണിത്. മേഖലയിലെ സുരക്ഷാ ഭീഷണിയെത്തുടർന്ന് അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങൾ കടുത്ത നടപടികളിലേക്ക് നീങ്ങി. കുവൈത്തിലെ അമേരിക്കൻ എംബസി താൽക്കാലികമായി അടച്ചു. ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്ന അമേരിക്കൻ പൗരന്മാരെ നേരിട്ട് സഹായിക്കാൻ കഴിയില്ലെന്ന് അവിടെയുള്ള യുഎസ് എംബസി വ്യക്തമാക്കി. പൗരന്മാർ സ്വന്തം റിസ്കിൽ തീരുമാനമെടുക്കണമെന്നും ഇസ്രായേൽ ടൂറിസം മന്ത്രാലയത്തിന്റെ സേവനങ്ങൾ ഉപയോഗിക്കാമെന്നും എംബസി അറിയിച്ചു. സുരക്ഷയുടെ കാര്യത്തിൽ യാതൊരു ഉറപ്പും നൽകാൻ കഴിയില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

