Description
Digital Voice of Kerala
Monday, March 2, 2026

Digital Voice of Kerala
HomeIran Israel Conflictഇറാനൊപ്പം ചേർന്ന് ഹിസ്ബുള്ള: ഇസ്രയേലിൽ മിസൈൽ വർഷിച്ചു, ഖമേനിയുടെ കൊലയ്ക്ക് പ്രതികാരമെന്ന്...

ഇറാനൊപ്പം ചേർന്ന് ഹിസ്ബുള്ള: ഇസ്രയേലിൽ മിസൈൽ വർഷിച്ചു, ഖമേനിയുടെ കൊലയ്ക്ക് പ്രതികാരമെന്ന് പ്രതികരണം, ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം, എണ്ണവില കുതിക്കുന്നു, നെതന്യാഹുവുമായും UAE പ്രസിഡൻറുമായും സംസാരിച്ച് മോദി, സൈനിക നടപടി 4 ആഴ്ചയോളം നീണ്ടേക്കാമെന്ന് ട്രംപ് | Hezbollah

ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ നേരിട്ടുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇസ്രയേലിനെതിരെ ആക്രമണവുമായി ഹിസ്ബുള്ളയും രംഗത്ത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി ലെബനനിൽ നിന്ന് വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള വ്യാപകമായ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു.(Hezbollah joins forces with Iran, Missiles fired at Israel)

വടക്കൻ ഇസ്രയേലിലെ വിവിധ ഭാഗങ്ങളിൽ സൈറണുകൾ മുഴങ്ങിയതായും ലെബനനിൽ നിന്നുള്ള മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. ചില പ്രൊജക്‌ടൈലുകൾ തുറന്ന പ്രദേശങ്ങളിൽ പതിച്ചെങ്കിലും ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിന് മറുപടിയായി ബെയ്‌റൂട്ട് ഉൾപ്പെടെയുള്ള ലെബനീസ് നഗരങ്ങളിൽ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചു.

ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യയിലാകെ ഇറാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ പടിഞ്ഞാറൻ ജറുസലേമിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. നിലവിലെ സാഹചര്യം പരിഗണിച്ച് ഇസ്രയേലിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടി. ബഹ്‌റൈനിലെ സൽമാൻ തുറമുഖത്തിന് നേരെ ഇറാൻ ആക്രമണമുണ്ടായി. പ്രദേശത്ത് വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ഇറാനിലെ എംബസി അടച്ചുകൊണ്ട് യുഎഇ തങ്ങളുടെ പ്രതിഷേധവും നയതന്ത്ര നിലപാടും കടുപ്പിച്ചു.

ഇറാനെതിരായ സൈനിക നടപടി നാലാഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാൻ ഒരു വലിയ രാജ്യമായതിനാൽ നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതേസമയം, ഇറാനെതിരായ പോരാട്ടത്തിൽ യുഎസുമായി സഹകരിക്കാൻ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമാകുന്നു. ഇറാന്റെ സൈനിക കരുത്തായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ചു. ‘പാമ്പിന്റെ തല വെട്ടിമാറ്റി’ എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഇറാന്റെ സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേലും അതിശക്തമായ ആക്രമണം തുടരുകയാണ്. ഇറാനെതിരായ സൈനിക നടപടി നാലാഴ്ചയോളം നീണ്ടേക്കാമെന്നാണ് ട്രംപ് പറയുന്നത്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംയുക്ത ആക്രമണം ശക്തമായത്. ഐആർജിസി ആസ്ഥാനത്തിന് പുറമെ, രഹസ്യാന്വേഷണ വിഭാഗം, വ്യോമസേനാ കമാൻഡ് സെന്ററുകൾ, ആഭ്യന്തര സുരക്ഷാ ആസ്ഥാനം എന്നിവ ഇസ്രയേൽ തകർത്തു. ലോകത്തിലെ ഏറ്റവും മാരകമായ ബി-2 ബോംബറുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും നശിപ്പിച്ചതായി അമേരിക്ക അവകാശപ്പെടുന്നു. ഇറാന്റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചു.

ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും സഖ്യകക്ഷികൾക്കും നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ബഹ്റൈനിലെ തന്ത്രപ്രധാനമായ സൽമാൻ തുറമുഖത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വലിയ തീപിടിത്തമുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക-സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ഈ ആക്രമണം നടത്തിയതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.

ഇറാന്റെ നടപടികളിൽ പ്രതിഷേധിച്ച് യുഎഇ നയതന്ത്ര ബന്ധം കടുപ്പിച്ചു. ഇറാനിലെ തങ്ങളുടെ എംബസി യുഎഇ അടച്ചുപൂട്ടുകയും അംബാസഡർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അടിയന്തരമായി പിൻവലിക്കുകയും ചെയ്തു. ഇറാൻ സാധാരണ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെക്കുന്നതിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. ഇറാന്റെ മിസൈൽ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ.

യുഎഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിക്കുകയും ഗൾഫ് മേഖലയിലുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രിയാണ് പ്രധാനമന്ത്രി യുഎഇ പ്രസിഡന്റിനെ ബന്ധപ്പെട്ടത്. “ഈ പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ യുഎഇക്ക് ഒപ്പം നിൽക്കുന്നു” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. യുഎഇയിലുള്ള ഇന്ത്യൻ സമൂഹത്തിന് നൽകുന്ന സുരക്ഷയ്ക്കും കരുതലിനും ഷെയ്ഖ് മുഹമ്മദിനോട് പ്രധാനമന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും അദ്ദേഹം സംസാരിച്ചു. സംഭവവികാസങ്ങളിൽ ആശങ്കയറിയിച്ചു.

പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മേഖലയെ നേരിട്ട് ബാധിക്കുന്നു. ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിലുണ്ടായ തീപിടുത്തത്തിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചും ഒരു ഏഷ്യൻ സ്വദേശി കൊല്ലപ്പെട്ടു. മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങളാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വിദേശ കപ്പലിന് തീപിടിക്കുകയും ചെയ്തു.

സൽമാൻ തുറമുഖത്തിന് സമീപം നടന്ന ആക്രമണത്തിൽ ബഹ്‌റൈൻ ശക്തമായ പ്രതിരോധം തീർത്തു. രാജ്യത്തിന്റെ സുരക്ഷാ-സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളെ തടഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാൻ തുടരുന്ന പ്രകോപനങ്ങൾ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി. എന്നാൽ, സമാധാന ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് സമയം വൈകിക്കരുതെന്ന് ഒമാൻ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. ഇറാന്റെ പരോക്ഷ മുന്നറിയിപ്പുകൾക്ക് പിന്നാലെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

ലോകത്തിലെ ആകെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോർമൂസ് കടലിടുക്ക്. രണ്ട് കപ്പലുകൾക്ക് നേരെ നേരിട്ട് ആക്രമണമുണ്ടായതായും മൂന്നാമതൊരു കപ്പലിന് സമീപം തിരിച്ചറിയാൻ കഴിയാത്ത വസ്തു പൊട്ടിത്തെറിച്ചതായും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ സ്ഥിരീകരിച്ചു. സുരക്ഷാ കാരണങ്ങളാൽ ഈ പാത ഒഴിവാക്കാൻ ഇറാൻ കപ്പലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ പ്രവേശന കവാടത്തിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala