കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നാടകീയമായ നീക്കങ്ങൾക്കൊടുവിൽ ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.(Sexual assault case, The film world is shocked by the arrest of director Ranjith)
അറസ്റ്റ് നടപടികൾക്കിടെ രക്തസമ്മർദ്ദം ഉയർന്നതിനെത്തുടർന്നാണ് രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയരോഗ വിദഗ്ധൻ ഇദ്ദേഹത്തെ പരിശോധിച്ചെങ്കിലും ഹൃദയസംബന്ധമായ ഗുരുതര പ്രശ്നങ്ങളില്ലെന്നാണ് പ്രാഥമിക നിഗമനം.
രഞ്ജിത്ത് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് പഴുതടച്ച നീക്കമാണ് നടത്തിയത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. അതിക്രമത്തിന് ശേഷം കൗൺസിലിംഗിന് വിധേയയായ നടി നൽകിയ രഹസ്യമൊഴിയിൽ വ്യക്തമായ തെളിവുകളുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് നടപടി കർശനമാക്കിയത്.

