കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊച്ചിയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് കോടതി നടപടി. ഇദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും.(Sexual assault case, Director Ranjith remanded for 14 days, sent to Ernakulam sub-jail)
തൊടുപുഴയിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ ഹൃദയസംബന്ധമായോ മറ്റ് ഗുരുതരമായോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ നിലവിലില്ലെന്ന് കണ്ടെത്തി.
ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കൽ റിപ്പോർട്ട് ലഭിച്ചതോടെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. രഞ്ജിത്തിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാകും ജാമ്യത്തിനായി വാദിക്കുക.ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പോലീസ്, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

