
ബെംഗളൂരു : 20 ദിവസം പ്രായമായ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാളെ ബന്ധുക്കൾ കൊലപ്പെടുത്തി (Bangalore Crime News). ചൊവ്വാഴ്ച രാവിലെ സിദ്ധാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഫാക്ടറിയിലെ ജീവനക്കാരനായ സൽമാൻ ഖാനാണ് മരിച്ചത്. സൽമാൻ്റെ ബന്ധുക്കളായ ഉമർ (40), സയ്യിദ് അൻസാരി (36), ഇവരുടെ സുഹൃത്ത് മുഹമ്മദ് ഷോയിബ് (27) എന്നിവരാണ്പ്രതികളെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
മദ്യപാനിയായിരുന്ന ഖാൻ പലപ്പോഴും ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി, ഖാൻ്റെ ഭാര്യ '112' ഹെൽപ്പ് ലൈനിൽ വിളിച്ചു. പോലീസ് വരുന്നുണ്ടെന്നറിഞ്ഞ് ഖാൻ ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു. ഭാര്യ പോലീസിനെ വിളിച്ചതിൽ പ്രകോപിതനായ ഖാൻ ചൊവ്വാഴ്ച പുലർച്ചെ തിരിച്ചെത്തി സ്വന്തം ബൈക്ക് കത്തിക്കുകയും ഭാര്യയെ ആക്രമിക്കുകയും ചെയ്തു. സുരക്ഷിതത്വം ഭയന്ന് ഖാൻ്റെ ഭാര്യ ബന്ധുക്കളായ ഉമറിനെയും അൻസാരിയെയും സഹായത്തിനായി വിളിച്ചു. ഇരുവരും സുഹൃത്ത് ഷൊയ്ബിനൊപ്പം എത്തിയതോടെ രൂക്ഷമായ തർക്കമായി. തുടർന്ന് ഖാൻ തൻ്റെ കുട്ടിയെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രതികൾ ഖാനെ മരത്തടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഖാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.