
തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ സ്വകാര്യ ബസ്സിൽ പാർസലായി വന്ന മയക്കുമരുന്ന് പിടികൂടിയ കേസിലെ രണ്ട് പ്രതികളെയും മണിക്കൂറുകൾക്കുള്ളിൽ തിരൂരിൽ നിന്നും എക്സൈസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് പാർസൽ അയച്ച തിരൂർ മേൽമുറി സ്വദേശി സാലിഹ്(35 വയസ്സ്), ഇത് കൈപ്പറ്റാൻ നിന്ന തിരൂർ മേൽമുറി സ്വദേശി അബ്ദൂൾ ഖാദർ.എം(38 വയസ്സ്) എന്നിവരെയാണ് പിടികൂടിയത്.
മാനന്തവാടി എക്സൈസ് സർക്കിൾ, റേഞ്ച് ടീമുകളും തിരൂർ സർക്കിൾ, റേഞ്ച് ടീമുകളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇത്രയും വേഗത്തിൽ പ്രതികളെ പിടികൂടാൻ സാധിച്ചത്. ജി.പി.എസ് സംവിധാനം ഉപയോഗിച്ച് ട്രാക്ക് ചെയ്താണ് രണ്ട് കിലോഗ്രാം കഞ്ചാവും 200 ഗ്രാം MDMA യും കടത്താൻ പ്രതികൾ ശ്രമിച്ചത്.
തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ.കെ, മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശശി.കെ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മാനന്തവാടി എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ പി.കെ.ചന്തു, ജോണി.കെ, ജിനോഷ്.പി.ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത്.പി, തിരൂർ എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രവീന്ദ്രനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ്.പി.ബി, ജയകൃഷ്ണൻ.എ, വനിത സിവിൽ എക്സൈസ് ഓഫീസർ ഇന്ദു ദാസ്.പി.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ചന്ദ്രമോഹൻ.കെ.കെ എന്നിവരുമുണ്ടായിരുന്നു.