കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി ഷാജിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സൗഹൃദത്തിലായിരുന്ന സുധ തന്റെ കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിലുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി മൊഴി നൽകി.(Sudha’s murder was extremely brutal, Evidence collection conducted with the accused in the Vyttila murder)
ചൊവ്വാഴ്ച പുലർച്ചെ കാറിൽ സംഭവസ്ഥലത്തെത്തിയ ഇരുവരും റെയിൽവേ പാലത്തിന് സമീപത്തേക്ക് നടന്നു. അവിടെ വെച്ചുണ്ടായ വാക്കുതർക്കത്തിനിടെ സുധ ഷാജിയുടെ ഫോൺ എടുത്തെറിഞ്ഞു. ഇതിൽ പ്രകോപിതനായ ഷാജി സുധയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞടിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ സുധയുടെ തല കരിങ്കല്ലിലിടിച്ച് മുറിവേറ്റു.
സുധ കരയാൻ തുടങ്ങിയതോടെ മറ്റുള്ളവർ കേൾക്കാതിരിക്കാൻ ഷാജി മുഖത്ത് അമർത്തിപ്പിടിക്കുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനാണ് മൃതദേഹം റെയിൽവേ പാളത്തിൽ കൊണ്ടുപോയി ഇട്ടത്. എന്നാൽ ട്രെയിൻ ഓടാത്ത പാളത്തിലാണ് മൃതദേഹം കിടന്നതെന്നത് പ്രതിക്ക് തിരിച്ചടിയായി. അമൃത എക്‌സ്‌പ്രസിലെ ലോക്കോ പൈലറ്റാണ് ട്രെയിൻ ഓടാത്ത പാളത്തിൽ മൃതദേഹം കണ്ട് റെയിൽവേ അധികൃതരെ അറിയിച്ചത്.
മരട് പോലീസ് നടത്തിയ പരിശോധനയിൽ ട്രെയിൻ തട്ടിയല്ല മരണം സംഭവിച്ചതെന്ന് വ്യക്തമായി. മൃതദേഹത്തിന് സമീപത്തെ രക്തക്കറയും പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും സംശയം വർദ്ധിപ്പിച്ചു. ഇരുവരും ഒന്നിച്ച് നടന്നുപോകുന്നതും പിന്നീട് ഷാജി ഒറ്റയ്ക്ക് മടങ്ങുന്നതുമായ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഷാജിയുടെ വസ്ത്രത്തിലെ രക്തക്കറയും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ സഹായിച്ചത്. സുധ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞ് ഷാജി സഹോദരിയെ വിളിച്ച് വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു.

