കൊച്ചി: പുത്തൻവേലിക്കര മോളി വധക്കേസിലെ പ്രതി പരിമൾ സാഹുവിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി പ്രതിയെ വെറുതെ വിട്ട ഹൈക്കോടതി വിധിയിൽ ഗുരുതരമായ അപകാതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി.(Puthenvelikkara Molly murder, Government moves Supreme Court against High Court verdict acquitting accused)
തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. എന്നാൽ ലഭ്യമായ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കൃത്യമായി വിലയിരുത്തുന്നതിൽ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന് അപ്പീലിൽ സർക്കാർ ആരോപിക്കുന്നു.
കേരളത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ സി.കെ. ശശിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. 2018 മാർച്ച് 18-നാണ് പുത്തൻവേലിക്കര സ്വദേശി മോളി ക്രൂരമായി കൊല്ലപ്പെട്ടത്. മോളിയുടെ വീടിന്റെ ഔട്ട്‌ഹൗസിൽ വാടകയ്ക്ക് താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ പരിമൾ സാഹുവാണ് പ്രതി. ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന മോളിയെ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചു. പീഡനശ്രമം ചെറുത്ത മോളിയെ കഴുത്തിൽ കുടുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

