
കൊച്ചി: പട്ടാപ്പകല്‍ ബെവ്‌കോയിൽ നിന്ന് പണം നൽകാതെ മദ്യക്കുപ്പിയും എടുത്തോടിയ പൊലീസുകാരന്‍ പിടിയിലായി. പോലീസ് പിടികൂടിയത് കളമശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ കെ കെ ഗോപിയെയാണ്.( Police officer caught running away with a bottle of liquor from BEVCO)
സംഭവമുണ്ടായത് എറണാകുളം പട്ടിമറ്റത്താണ്. ഇന്നലെ രാവിലെയായിരുന്നു ഇത്. മദ്യക്കുപ്പിയെടുത്ത ഇയാൾ കൗണ്ടറിൽ ഉണ്ടായിരുന്ന സ്ത്രീയോട് മോശമായി സംസാരിക്കുകയായിരുന്നു.
പണം നൽകണമെന്ന് അവർ ആവശ്യപ്പെട്ടതും കുപ്പിയുമെടുത്ത് ഇയാൾ ഓടുകയായിരുന്നു. വാതിക്കൽ വച്ച് തടയാൻ ശ്രമിച്ച ജീവനക്കാരിയെ തള്ളി മാറ്റിയ ശേഷമായിരുന്നു ഈ ഓട്ടം. ഇതിനിടയിൽ ഡോർ തകർന്നുവീഴുന്നതും പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്.
തുടർന്ന് ഇയാളെ തടഞ്ഞുവച്ച ജീവനക്കാർ മദ്യക്കുപ്പി തിരികെ വാങ്ങുകയും, ഇവർ നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത് പട്ടിമറ്റത്തെ വീട്ടിലെത്തിയാണ്.
ജീവനക്കാർ പറയുന്നത് ബെവ്‌കോയിലെത്തിയ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായാണ്. സ്ത്രീയെ അതിക്രമിച്ചതിനടക്കം കേസെടുത്തിരിക്കുന്ന കെ കെ ഗോപിക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടായേക്കും.