
കാർവാർ: കർണാടകയിലെ കുംതയിൽ കർണാടക ആർടിസി ബസ് കണ്ടക്ടർ കോളേജ് വിദ്യാർത്ഥികളെ അസഭ്യം പറയുകയും, അധിക്ഷേപിക്കുകയും, കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. ബസ് കണ്ടക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ഇയാളെ സർവീസിൽ നിന്നും മാറ്റണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
ഗോകർണയിൽ നിന്ന് സുബ്രഹ്മണ്യത്തിലേക്ക് ഓടുന്ന കെഎ 31 എഫ് 1506 നമ്പർ ബസിലെ കണ്ടക്ടർ മോശം ഭാഷയിൽ ദിവസവും തങ്ങളെ അധിഷേപിക്കാറുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. ബസിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനോ സംസാരിക്കാനോ സീറ്റുകളിൽ ഇരിക്കാനോ പോലും ഇയാൾ വിദ്യാർത്ഥികളെ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.
ചില യാത്രക്കാർ ചിത്രീകരിച്ച വീഡിയോകളിൽ, കണ്ടക്ടർ ഒരു വിദ്യാർത്ഥിയെ അധിക്ഷേപിക്കുന്നതും , വിദ്യാർത്ഥിയെ ആക്രമിക്കാൻ ശ്രമിക്കുന്നതും കാണാം. ബസിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനാകില്ലെന്ന് ഇയാൾ പറയുന്നതും കേൾക്കാം. ബസ് കണ്ടക്ടർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.