
മധുബനി: ബിഹാറിലെ മധുബനിയിൽ നിന്നും വിചിത്രമായ ഒരു പ്രണയത്തിൻ്റെ കഥയാണ് ഇപ്പോൾ പുറത്ത് വരുന്നത് (Lover cheated girl friend ). ഫെയ്‌സ്ബുക്ക് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും, പിന്നീട് നാല് വർഷത്തോളം ലിവ് ഇൻ റിലേഷൻഷിപ്പിൽ ജീവിക്കുകയും ചെയ്ത ശേഷം കാമുകൻ കാമുകിയെ കബളിപ്പിച്ച് ഒളിച്ചോടുകയായിരുന്നു. ഏറെ നീണ്ട അന്വേഷണത്തിനൊടുവിൽ കാമുകൻ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നെന്ന വാർത്ത അറിഞ്ഞ കാമുകി ഹൈദരാബാദിൽ നിന്ന് ബീഹാറിലെ മധുബനിയിലെത്തുകയായിരുന്നു.
ബെനിപ്പട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ സമദാ ഗ്രാമമാണ് നാടകീയ സംഭവങ്ങൾ നടന്നത്. ഗ്രാമം വിട്ട് നഗരത്തിൽ ജോലിക്ക് പോയ യുവാവ് അവിടെ വെച്ച് ഫേസ്ബുക്കിലൂടെ ഒരു പെൺകുട്ടിയുമായി സൗഹൃദത്തിലായി. സൗഹൃദം ക്രമേണ പ്രണയത്തിലേക്ക് വഴിമാറി. തുടർന്ന് ഇരുവരും ലിവ്-ഇൻ ബന്ധത്തിൽ ജീവിക്കാൻ തുടങ്ങി, ഇതിനിടെ പെൺകുട്ടി രണ്ടുതവണ ഗർഭിണിയായി. തുടർന്ന് കാമുകനായ യുവാവ് യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് യുവാവ് പെൺകുട്ടിയുടെ മാതാപിതാക്കൾക്കും സഹോദരിക്കും ഉറപ്പ് നൽകിയെങ്കിലും പെൺകുട്ടിയെ കബളിപ്പിച്ച് നഗരത്തിൽ നിന്ന് തൻ്റെ ഗ്രാമത്തിലേക്ക് മടങ്ങി.
തുടർന്ന് കാമുകനെ തിരഞ്ഞിറങ്ങിയ പെൺകുട്ടി കാമുകൻ മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങുന്ന കാര്യം അറിയുകയും , തുടർന്ന് യുവാവിന്റെ ഗ്രാമമായ ബെനിപ്പട്ടിയിൽ എത്തുകയുമായിരുന്നു. നേരെ പോലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടി , അവിടെ കാമുകനെതിരെ പരാതി നൽകുകയും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. പെൺകുട്ടി കാര്യങ്ങൾ വിശദമാക്കിയതോടെ ,ബെനിപ്പട്ടി ബ്ലോക്കിലെ സമദ ഗ്രാമത്തിലെ പരമേശ്വർ യാദവിൻ്റെ മകൻ ഫൂൽ ബാബു യാദവിനെ തേടി പോലീസും രംഗത്ത് ഇറങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി.