Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeNational85 വർഷത്തിന് ശേഷം ഒരു വിവാഹഘോഷയാത്ര, കുടുംബത്തിൽ ഒരു കുഞ്ഞ് ജനിച്ചു;...

85 വർഷത്തിന് ശേഷം ഒരു വിവാഹഘോഷയാത്ര, കുടുംബത്തിൽ ഒരു കുഞ്ഞ് ജനിച്ചു; സ്വയം ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചു | marriage procession after 85 years

🎙️ Latest Podcast

ഏതൊരു കുടുംബത്തിന്റെയും ആഗ്രഹമാണ് തങ്ങളുടെ കുടുംബത്തിലെ വിവാഹം ഏറ്റവും ആഘോഷപൂർവ്വമായി നടത്തണമെന്നത്. എന്നാൽ തറികളുടേയും നെയ്ത്തിന്‍റെയും ശബ്ദത്തിന് പേരുകേട്ട ബീഹാറിലെ ഗയ ജില്ലയിലുള്ള ‘പത്വ ടോളി’ (Patwa Toli) എന്ന ഗ്രാമത്തിൽ ഒരു കുടുംബം, പതിറ്റാണ്ടുകളായി സ്വയം വിവാഹഘോഷയാത്ര വിലക്കിയിരിക്കുകയായിരുന്നു. എന്നാൽ 85 വർഷങ്ങൾക്ക് ശേഷം ഒരു വിവാഹഘോഷയാത്ര (ബരാത്ത്) അവരുടെ കുടുംബത്തിൽ നടന്നതിന്റെ സന്തോഷത്തിലാണ് അവർ. (marriage procession after 85 years)

ഈ വിചിത്രമായ ആചാരത്തിന് പിന്നിൽ സങ്കടകരമായ ഒരു കഥയുണ്ട്. 1940 -ൽ ഈ കുടുംബത്തിലെ മുതിർന്ന അംഗമായ ജാനകി പ്രസാദിന്‍റെ വിവാഹ ദിവസമാണ് എല്ലാറ്റിനും തുടക്കം കുറിച്ചത്. ജാനകിയുടെ വിവാഹ ഘോഷയാത്ര വധുവിന്‍റെ വീട്ടിലെത്തി ചടങ്ങുകൾ തുടങ്ങാനിരിക്കെ, ജാനകിയുടെ മൂത്ത സഹോദരൻ നത്തു പത്വ പെട്ടെന്ന് അന്തരിച്ചു. ഈ ദുരന്തത്തെ ഒരു ‘അപശകുനമായി’ കണ്ട കുടുംബം, അന്ന് മുതൽ കുടുംബത്തിലെ വിവാഹ ഘോഷയാത്രകൾ വേണ്ടെന്ന് വച്ചു.

വർഷങ്ങൾ കടന്നുപോയെങ്കിലും കുടുംബം ഈ തീരുമാനം കർശനമായി പാലിച്ചു. വിവാഹ സമയത്ത് കുടുംബത്തിൽ ഒരു കുഞ്ഞ് ജനിക്കുകയാണെങ്കിൽ മാത്രമേ ഇനി ഘോഷയാത്ര നടത്താവൂ എന്നതായിരുന്നു അവരുടെ അലിഖിത നിയമം. പുതിയൊരു ജീവന്‍റെ ജനനം പഴയ ആ ദുരന്തത്തിന്‍റെ ദോഷം മാറ്റുമെന്ന് അവർ വിശ്വസിച്ചു. ഇതിനിടയിൽ ജാനകി പ്രസാദ്, അദ്ദേഹത്തിന്‍റെ മക്കൾ, പേരമക്കൾ തുടങ്ങി ഏകദേശം 17-ഓളം പേരുടെ വിവാഹം ആഘോഷങ്ങളോ ഘോഷയാത്രകളോ ഇല്ലാതെ നടന്നു. വധുവിന്‍റെ വീട്ടുകാർ വധുവിനെ വരന്‍റെ വീട്ടിലെത്തിച്ച് ലളിതമായി വിവാഹം നടത്തുകയായിരുന്നു ഈ കുടുംബത്തിലെ ഇതുവരെയുള്ള പതിവ്.

കുടുംബത്തിലെ മൂന്നാം തലമുറയിലെ ഇളയ മകനായ രാജു പത്വയുടെ വിവാഹവും ലളിതമായി നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ, വിവാഹത്തിന് കൃത്യം രണ്ട് ദിവസം മുമ്പ് കുടുംബത്തിൽ ഒരു കുഞ്ഞ് ജനിച്ചു. പതിറ്റാണ്ടുകളായി അവർ കാത്തിരുന്ന ആ ‘ശുഭലക്ഷണം’ ഒടുവിൽ സംഭവിച്ചു. ഇതോടെ മുതിർന്നവർ 85 വർഷത്തെ വിലക്ക് നീക്കാൻ തീരുമാനിക്കുകയായിരുന്നു. പെട്ടെന്നുള്ള തീരുമാനമായതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ബാൻഡും കുതിരയുമെല്ലാം സംഘടിപ്പിക്കേണ്ടി വന്നെങ്കിലും ആ സുവർണ്ണാവസരം കുടുംബം പാഴാക്കിയില്ല. വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാജു കുതിരപ്പുറത്ത് ഘോഷയാത്രയായി നീങ്ങിയപ്പോൾ ഗ്രാമവാസികൾ ആവേശത്തോടെ അത് കാണാൻ ഒത്തുകൂടി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.