
ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയെ ബലാത്‌സംഗത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ പ്രതി ജ്ഞാനശേഖരനെതിരെ ഗുണ്ടാനിയമം ചുമത്തി (Anna University rape case). കഴിഞ്ഞ മാസമാണ് ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. തമിഴ്‌നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ പ്രതി, ബിരിയാണി കച്ചവടക്കാരനായ ജ്ഞാനശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ പ്രത്യേക സമിതിക്ക് രൂപം നൽകി. ഇന്നലെ ജ്ഞാനശേഖരൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയ സംഘം നിരവധി രേഖകളും പിടിച്ചെടുത്തിരുന്നു. തുടർന്ന് ജ്ഞാനശേഖരനെ ഗുണ്ടാ നിയമപ്രകാരം ജയിലിലടക്കണമെന്ന് സമിതി ശുപാർശ ചെയ്തു.
ഇതേത്തുടർന്ന് ചെന്നൈ പോലീസ് ജ്ഞാനശേഖരനെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. 20 ലധികം ക്രിമിനൽ കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ടെന്നാണ് പോലീസ് പറയുന്നത്.